ജാതിവിവേചനം നവോത്ഥാന കേരളത്തിന് അപമാനം: തുഷാർ വെള്ളാപ്പള്ളി

Tuesday 24 August 2021 1:17 AM IST

കൊച്ചി: ജാതിവിവേചനം നവോത്ഥാന കേരളത്തിന് അപമാനമാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണഗുരുദേവ ജയന്തിയോടനുബന്ധിച്ച് പാലാരിവട്ടം ശാഖയിൽ നടന്ന പ്രാർത്ഥനയും ചികിത്സ സഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഞ്ചാരസ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം, സമുദായ സംവരണം ഉൾപ്പടെ പിന്നാക്ക ദളിത് വിഭാഗങ്ങൾ അനുഭവിക്കുന്ന പല അവകാശങ്ങളും എസ്.എൻ.ഡി.പി. യോഗം പോരാട്ടങ്ങളിലൂടെ നേടിയതാണെന്നും തുഷാർ പറഞ്ഞു.

ശാഖ പ്രസിഡന്റ് എം.എൻ. ഷണ്മുഖൻ അദ്ധ്യക്ഷത വഹിച്ചു. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ചതയദിന സന്ദേശം നൽകി. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, യൂണിയൻ അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റി അംഗം കെ.പി. ശിവദാസ്, കെ. പീതാംബരൻ, കെ.പി. വൽസലൻ, ഗീതാ സന്തോഷ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് സ്വാഗതം ആശംസിച്ചു. ചികിത്സാ സഹായം ഓമന ബാബു ഏറ്റുവാങ്ങി. അംഗങ്ങൾക്ക് ചതയദിന സമ്മാനങ്ങളും നൽകി. കൊവിഡ് മാനദണ്ഡം പാലിച്ച് ലളിതമായ പരിപാടികളോടെയാണ് ഗുരുജയന്തി ആഘോഷിച്ചത്.

Advertisement
Advertisement