കൊച്ചി ബോട്ടപകടത്തിന് ആറ് വയസ് : ആശ്രിത നിയമനം ചുവപ്പുനാടയിൽ

Thursday 26 August 2021 12:05 AM IST

ഫോർട്ടുകൊച്ചി: ഓണനാളിൽ കൊച്ചിയിൽ നടന്ന ബോട്ടപകടത്തിന് ഇന്ന് ആറ് വയസ്. സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിക്കാനൊരുങ്ങുകയാണ് മരണടഞ്ഞവരുടെ ആശ്രിതർ.

ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ജോലി വാഗ്‌ദാനം നൽകിയ സർക്കാർ വാക്ക് പാലിച്ചില്ലെന്ന് ആശ്രിതർ പറയുന്നു. 14 പേർ ബോട്ടപകടത്തിൽ മരിച്ചെങ്കിലും ഔദ്യോഗിരേഖകളിൽ 11 പേരാണുള്ളത്. ഇതിൽ 2 കുട്ടികളുമുണ്ട്. മരണപ്പെട്ടവരിൽ ആറുപേർ കുടുംബങ്ങളുടെ അത്താണിയായിരുന്നു. മരണപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതമാണ് സർക്കാർ നൽകിയത്.

ബോട്ടപകടം നടന്ന 2015 ആഗസ്റ്റ് 26ന് യു.ഡി.എഫ് സർക്കാറാണ് അധികാരത്തിലുണ്ടായിരുന്നത്. ബോട്ടപകടത്തിലെ വീഴ്ചകളും വാഗ്‌ദാന ലംഘനവുമടക്കം 2016 ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം പ്രചാരണ വിഷയമാക്കിയിരുന്നു. ഇടതു സർക്കാർ അധികാരമേറ്റെങ്കിലും ആശ്രിതർക്കുള്ള ജോലി വാഗ്‌ദാനം ചുവപ്പുനാടയിലായി. അപകട വാർഷികത്തിൽ സർക്കാർ വാഗ്‌ദാന ലംഘനം പ്രതിപക്ഷം രാഷ്ട്രീയ പ്രചരണമാക്കിയതോടെ തഹസിൽദാറോട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ആശ്രിതർക്ക് ജോലി വാഗ്‌ദാനം ചെയ്തത് തഹസിൽദാർ അറിയിച്ചെങ്കിലും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല.

ആശ്രിതർക്കുള്ള ജോലി വാഗ്‌ദാനം ജലരേഖയായി നിലനിൽക്കുകയാണ്. ബോട്ടപകട വാർഷിക ദിനമായ ഇന്ന് ഫോർട്ടുകൊച്ചിയിൽ വിവിധ സംഘടനകൾ സ്മൃതിദിനാചരണം നടത്തും.

Advertisement
Advertisement