ഒാണത്തിരക്കൊഴി‌ഞ്ഞു, ഇനി കൊവിഡ് തിരക്ക്

Wednesday 25 August 2021 11:20 PM IST

പത്തനംതിട്ട: ഓണനാളുകളിലെ തിരക്ക് ജില്ലയിലെ കൊവിഡ് വ്യാപനത്തിൽ പ്രതിഫലിച്ചു തുടങ്ങിയതായി ആരോഗ്യ വകുപ്പ്. ഒരാഴ്ച മുമ്പുവരെ 500 നും 600 നും ഇടയിൽ പ്രതിദിനം രോഗികൾ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ദിവസം ആയിരത്തിന് മുകളിൽ എത്തിയത് ഇതിന്റെ സൂചനയായി ആരോഗ്യ വകുപ്പ് കാണുന്നു. അടുത്ത നാലാഴ്ച നിർണായകമാണ്.

ജില്ലയിൽ രോഗം കണ്ടുപിടിക്കുന്നതിനുളള സ്രവ പരിശോധനയ്ക്ക് വ്യാപകമായ സംവിധാനങ്ങൾ ഏർപ്പെടുത്തി. രോഗ ലക്ഷണങ്ങൾ ഉള്ളവരും രോഗിയുമായി സമ്പർക്കത്തിൽ വന്നവരും നിർബന്ധമായും പരിശോധനയ്ക്ക് വിധേയരാകണം.

ശ്വാസ തടസം, തുടർച്ചയായ നെഞ്ചുവേദന, നീണ്ടുനിൽക്കുന്ന പനി, ചുമ, മയക്കം, കഫത്തിൽ രക്തം കാണുക, സാധാരണയിൽ കവിഞ്ഞ ക്ഷീണം, നെഞ്ചിടിപ്പ് കൂടുക, സ്ഥലകാല ബോധം നഷ്ടപ്പെടുക, ഓക്സിജൻ സാച്ചുറേഷൻ 94 ൽ കുറയുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ റൂം ക്വാറന്റൈനിൽ ഇരിക്കണം.

പ്രതിരോധം മറക്കരുത്

മൂക്കും വായും മൂടത്തക്ക വിധത്തിൽ ശരിയായ രീതിയിൽ മാസ്‌ക് ധരിക്കണം. കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. സാമൂഹിക അകലം പാലിക്കണം. പുറത്തുപോയി മടങ്ങിയെത്തിയാൽ വസ്ത്രങ്ങൾ കഴുകി കുളിച്ചതിനു ശേഷം മാത്രം മറ്റുളളവരോട് ഇടപഴകുക, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങൾ ഉളളവർ എന്നിവരോട് അടുത്തിടപഴകാതിരിക്കുക, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കുക. ജോലിക്ക് പോകുക പോലെയുളള അത്യാവശ്യകാര്യങ്ങൾക്കല്ലാതെ മറ്റ് ഒത്തു ചേരലുകളും ഇടപെടലുകളും ഒഴിവാക്കുക.

പ്രതിദിന രോഗികൾ 1000 കടന്നു

ചികിത്സ ലഭിക്കുന്ന ആശുപത്രികൾ

ജില്ലാ ആശുപത്രി കോഴഞ്ചേരി

പത്തനംതിട്ട ജനറൽ ആശുപത്രി

അടൂർ ജനറൽ ആശുപത്രി

കോന്നി മെഡിക്കൽ കോളേജ്.


' രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നവരും രോഗം സംശയിക്കുന്നവരും ഉടൻ വാക്സിൻ എടുക്കരുത്. ഇങ്ങനെയുളളവർ രോഗമില്ല എന്നുറപ്പു വരുത്തി 10 ദിവസത്തിനു ശേഷം മാത്രമേ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കാവൂ.

ഡാേ. എ.എൽ.ഷീജ,

ജില്ലാ മെഡിക്കൽ ഓഫീസർ

ഇന്നലെ 1008 പേർക്ക് കൊവിഡ്

ജില്ലയിൽ ഇന്നലെ 1008 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഒരാൾ വിദേശത്തു നിന്ന് വന്നതും, രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 1005 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

Advertisement
Advertisement