എൽ.ഡി.എഫ് പിന്തുണച്ചു: ജിജി സജി കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്

Wednesday 25 August 2021 11:22 PM IST

കോന്നി: കോൺഗ്രസ് വിമതയെ പ്രസിഡന്റാക്കി കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് ഭരണസമിതിയിലെ പ്രസിഡന്റിനെയും, വൈസ് പ്രസിഡന്റിനെയും അവിശ്വാസത്തിലൂടെ പുറത്താക്കിയ ശേഷം ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമത ജിജി സജിയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.
സി.പി.എം ഏരിയാ കമ്മി​റ്റി അംഗം വർഗീസ് ബേബിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ജിജി സജിയുടെ പേര് നിർദ്ദേശിച്ചത്. മ​റ്റൊരു ഏരിയാ കമ്മി​റ്റിയംഗമായ തുളസീമണിയമ്മ പിന്താങ്ങി. പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് എം.വി.അമ്പിളിയുടെ പേരാണ് യു.ഡി.എഫ് നിർദ്ദേശിച്ചത്. , തുടർന്ന് നടന്ന വോട്ടെടുപ്പിൽ ജിജി സജിക്ക് ഏഴും അമ്പിളിക്ക് ആറും വോട്ടുലഭിച്ചു.13 അംഗ ഭരണസമിതിയിൽ ഏഴ് വോട്ടു നേടിയ ജിജി സജിയെ വരണാധികാരി കോന്നി ഡി.എഫ്.ഒ കെ.എൻ.ശ്യാം മോഹൻ ലാൽ വിജയിയായി പ്രഖ്യാപിച്ചു. തുടർന്ന് സത്യവാചകം ചൊല്ലി ജിജി സജി പ്രസിഡന്റായി ചുമതലയേറ്റു. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന എൽ.ഡി.എഫിലെ കൈപ്പെട്ടൂർ ഡിവിഷൻ അംഗം നീതു ചാർളി പ്രത്യേകം തയ്യാറാക്കിയ മുറിയിൽ പി.പി കി​റ്റ് ധരിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് അവിശ്വാസ പ്രമേയങ്ങളിൽ എൽ.ഡി.എഫിനൊപ്പം നിന്ന ജിജി സജിയെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കാൻ സി.പി.എം തീരുമാനിച്ചത്. ഏരിയാ കമ്മി​റ്റിയംഗം

തുളസീമണിയമ്മയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ജിജി സജിക്കെതിരെ കൂറുമാ​റ്റ നിരോധന നിയമപ്രകാരം യു.ഡി.എഫ് കേസ് ഫയൽ ചെയ്തിട്ടുള്ളതിനാൽ തിരിച്ചടിയുണ്ടാവുകയാണങ്കിൽ പാർട്ടിക്ക് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ജിജിയെ പ്രസിഡന്റാക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. രണ്ടാഴ്ചയ്ക്കകം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.ഏരിയാ കമ്മി​റ്റിയംഗം വർഗീസ് ബേബിയെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് സാദ്ധ്യത.

Advertisement
Advertisement