ചിന്നക്കനാൽ സഹ.ബാങ്ക് അഴിമതി: സെക്രട്ടറിക്ക് സസ്‌പെൻഷൻ

Thursday 26 August 2021 12:26 AM IST

ഇടുക്കി: എൽ.ഡി.എഫ് ഭരിക്കുന്ന ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്കിനെതിരെ സി.പി.ഐയുടെ ബോ‌ർഡ് മെമ്പർമാർ തന്നെ അഴിമതി ആരോപണമുന്നയിച്ചതിന് പിന്നാലെ ബാങ്ക് സെക്രട്ടറി എം.എസ്. സാബുവിനെ ഭരണസമിതി അടിയന്തര യോഗം ചേർന്ന് സസ്‌പെൻഡ് ചെയ്തു. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മതിയായ രേഖകളില്ലാതെ വായ്പ അനുവദിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. 13 അംഗ ഭരണസമിതിയിലെ സി.പി.ഐ പ്രതിനിധികളായ കെ. പരമൻ, എസ്. ചിന്നസ്വാമി, അൽഫോൻസ കാളിമുത്ത് എന്നിവരാണ് ബാങ്കിനെതിരെ ആരോപണമുന്നയിച്ചത്. സെക്രട്ടറി വ്യാജപട്ടയം പോലും സ്വീകരിച്ച് ഒട്ടേറെ പേർക്ക് വൻതുക വായ്പ നൽകിയെന്നാണ് പ്രധാന ആരോപണം. ബാങ്കിന്റെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നും ഇതിനെതിരെ ചിലർ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ടെന്നും സി.പി.ഐ നേതാക്കൾ ആരോപിച്ചിരുന്നു.

എന്നാൽ സി.പി.ഐ - സി.പി.എം ചേരിപോരിന്റെ ഭാഗമാണ് തനിക്കെതിരെയുള്ള ആരോപണമെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. അതേസമയം വിഷയം രാഷ്ട്രീയ ആയുധമാക്കി പ്രത്യക്ഷ സമരവുമായി കോൺഗ്രസ് രംഗത്തെത്തി. ഇന്നലെ ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ നേതൃത്വത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Advertisement
Advertisement