 കേന്ദ്രമന്ത്രി യോഗം വിളിച്ചു സെമി ഹൈസ്പീഡ് റെയിൽ മുന്നോട്ട്

Thursday 26 August 2021 12:03 AM IST
അതിവേഗറെയിൽ

തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് നാലു മണിക്കൂർ സെമി ഹൈസ്പീഡ് റെയിലിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ഉടൻ ലഭിച്ചേക്കും. ഇതിന് മുന്നോടിയായി റെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവ് കെ-റെയിൽ ഉദ്യോഗസ്ഥരുമായി അടുത്തയാഴ്ച യോഗം ചേരും. യോഗത്തിൽ പദ്ധതിനടത്തിപ്പ് സംബന്ധിച്ച അവതരണം ഉദ്യോഗസ്ഥ‌ർ നടത്തും. 33,700 കോടി വിദേശ വായ്പയെടുക്കാൻ കേന്ദ്ര ഗാരന്റി വേണം.

റെയിൽവേ മന്ത്രാലയത്തിന്റെ സംശയങ്ങൾക്കെല്ലാം കെ-റെയിൽ മറുപടി നൽകിയിട്ടുണ്ട്. 2150 കോടി ഓഹരി വിഹിതം നൽകുന്നതിൽ റെയിൽവേയുടെ നയപരമായ തീരുമാനമാണ് ഇനിയുണ്ടാകേണ്ടത്. റെയിൽവേയുടെ 185ഹെക്ടർ വിട്ടുനൽകുന്നതിലും ധാരണയാവണം. ഭൂമിയുടെ വിലയായ 975കോടി റെയിൽവേയുടെ ഓഹരിയാവും.

പദ്ധതിരേഖയിൽ റെയിൽവേ ടെക്നിക്കൽ, ഫിനാൻസ്, സിവിൽ, ഇലക്ട്രിക്കൽ, സിഗ്നൽ, ട്രാഫിക് വിഭാഗങ്ങളുടെ രണ്ട് റൗണ്ട് പരിശോധന കഴിഞ്ഞു. നിലവിലെ ട്രെയിൻ സർവീസുകളെ ബാധിക്കരുത്, പാളങ്ങളുടെ വശങ്ങളിൽ ഇപ്പോഴുള്ള ഇന്റർനെറ്റ്, വൈദ്യുതി, സിഗ്നൽ കേബിളുകൾ ജാഗ്രതയോടെ മാറ്റിയിടണം തുടങ്ങിയ നിർദ്ദേശങ്ങളാണ് അവർ നൽകിയത്.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ കൂട്ടത്തിൽ കെ-റെയിലിനെ ഉൾപ്പെടുത്തും. നൂറ് ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് സ്വാതന്ത്റ്യദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 2030നകം 50 ലക്ഷം കോടിയുടെ റെയിൽവേ പദ്ധതികളാണ് ബഡ്ജറ്റിലെ പ്രഖ്യാപനം.

അന്തിമാനുമതിക്ക്

 നീതി ആയോഗ്, ധനകാര്യ മന്ത്രാലയം എന്നിവയുടെ അനുമതിയും നേടണം

 കാബിനറ്റ് കമ്മിറ്റിയുടെ അനുമതിയോടെ പദ്ധതിരേഖ പ്രധാനമന്ത്രിക്ക് സമർപ്പിക്കണം

 കേന്ദ്ര മന്ത്രിസഭാ യോഗമാണ് അന്തിമാനുമതി നൽകേണ്ടത്

നിലവിലെ പങ്കാളിത്തം

 അഹമ്മദാബാദ്-രാജ്കോട്ട് സെമി ഹൈസ്പീഡ് റെയിലിൽ കേന്ദ്രത്തിന്റെയും റെയിൽവേയുടെയും ഓഹരിയുണ്ട്

 ബംഗളൂരു സബർബൻ റെയിൽവേ കേന്ദ്ര, റെയിൽവേ പങ്കാളിത്തമുള്ള സംയുക്ത കമ്പനിയാണ് നടപ്പാക്കുന്നത്. ഓഹരിയുമുണ്ട്

 തിരു-കാസർകോട് റെയിലിന്റെ നിർമ്മാണവും നടത്തിപ്പും റെയിൽവേക്കും സംസ്ഥാനത്തിനും ഓഹരിയുള്ള കോർപറേഷനാണ്

അതിവേഗ റെയിൽ

ദൂരം

532 കി.മീ

വേഗം

200 കി.മീ

ചെലവ്

66,405 കോടി

Advertisement
Advertisement