ആറുമണി വാർത്താസമ്മേളനം കേരളം കൊതിക്കുന്നു; വിമ‌ർശിച്ച് കെ സുരേന്ദ്രൻ

Thursday 26 August 2021 2:02 PM IST

​​​​തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരവേ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. 'ഒരു ആറുമണി വാർത്താമ്മേളനം കേരളം കൊതിക്കുന്നു' എന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

മുൻപ് സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തെ വിശദീകരിച്ചുകൊണ്ട് എല്ലാ ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് ആറ് മണിക്ക് വാർത്താ സമ്മേളനം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ വാർത്താസമ്മേളനം ഇല്ല.

ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളതാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്താത്തതിനെ വിമർശിച്ച് സുരേന്ദ്രന് പിന്നാലെ കോൺഗ്രസ് നേതാവ് വിടി ബൽറാമും രംഗത്തെത്തിയിട്ടുണ്ട്.

കൊവിഡ് നിയന്ത്രണ പരാജയങ്ങളേക്കുറിച്ചും, മുട്ടിൽ മരംമുറി അന്വേഷണ അട്ടിമറിയേക്കുറിച്ചും പത്രസമ്മേളനം വിളിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണമെന്നാണ് വിടി ബൽറാമിന്റെ ആവശ്യം.