തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്പീഡ് റെയിൽ, നാല് താലൂക്കിൽ നിന്ന് 44.47 ഹെക്ടർ ഭൂമി ഏറ്റെടുക്കും

Friday 27 August 2021 12:00 AM IST

കോഴഞ്ചേരി: ഒരുവശത്ത് വികസനവാദവും മറുവശത്ത് കിടപ്പാടം നഷ്ടപ്പെടുമെന്ന ജനങ്ങളുടെ ആശങ്കയും നിലനിൽക്കെ സിൽവർ ലൈൻ അതിവേഗ റെയിൽപാതയ്ക്ക് ജില്ലയിൽ ഏറ്റെടുക്കുന്നത് 44.47 ഹെക്ടർ ഭൂമി.

അടൂർ, കോഴഞ്ചേരി, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലെ 8 വില്ലേജുകളിലൂടെയാണ് നിർദ്ദിഷ്ഠപാത കടന്നുപോകുന്നത്. അടൂർ താലൂക്കിലെ കടമ്പനാട്, പള്ളിക്കൽ, പന്തളം, കോഴഞ്ചേരി താലൂക്കിലെ ആറന്മുള, തിരുവല്ല താലൂക്കിലെ കോയിപ്രം, ഇരവിപേരൂർ, കവിയൂർ, മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ, കുന്നന്താനം എന്നീ വില്ലേജുകളിലെ സ്ഥലമാണ് പാതയ്ക്കായി ഏറ്റെടുക്കുക. ഇതിനായി കൊച്ചി കേന്ദ്രീകരിച്ച് പ്രത്യേക തഹസീൽദാർ ഓഫീസ് തുറന്നു.

തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്പീഡ് റെയിൽവെ ലൈനിന് ജില്ലയിൽ പക്ഷെ സ്റ്റേഷനുകളില്ല. കൊല്ലം ജില്ലയിൽ നിന്ന് കടമ്പനാട് പ്രവേശിക്കുന്ന പാത പള്ളിക്കൽ, പന്തളം, മുടിയൂർക്കോണം, വെള്ളാപ്പള്ളിൽ ഭാഗങ്ങളിലൂടെ ആലപ്പുഴ ജില്ലയിൽ എത്തും. അതു കഴിഞ്ഞ് നൂറനാട്, പാലമേൽ , വെൺമണി , മുളക്കുഴ വഴി ആറാട്ടുപുഴയിൽ എത്തി പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കും. കോയിപ്രം, ഇരവിപേരൂർ, കവിയൂർ, കല്ലൂപ്പാറ, കുന്നന്താനം വഴി കോട്ടയം ജില്ലയിലേക്ക് പാത കടക്കും. പാതയ്ക്ക് ഇരവിപേരൂർ പോസ്റ്റ് ഓഫീസിന് സമീപവും ആറാട്ടുപുഴയിലും മണിമലയാറ്റിൽ കല്ലൂപ്പാറ ഭാഗത്തും പാലം നിർമ്മിക്കും.

500ൽ അധികം കുടുംബങ്ങളെ ഒഴിപ്പിക്കും

റെയിൽവെ ലൈനിനുവേണ്ടി ജില്ലയിൽ ഏകദേശം 516 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് റവന്യൂ അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. വിദഗ്‌ദ്ധ സമിതിയുടെ നേതൃത്വത്തിൽ സാമൂഹിക ആഘാത പഠനവും റെയിൽവെയുടെ പഠന റിപ്പോർട്ടും പൂർത്തിയായതിന് ശേഷമാകും പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുന്നത്.

സംസ്ഥാനത്ത് ആകെ 955.13 ഹെക്ടർ സ്ഥലമാണ് പാതയ്ക്ക് വേണ്ടി ഏറ്റെടുക്കുന്നത്. 5 സ്ട്രെച്ചുകളിൽ രണ്ടാമത്തെ സ്‌ട്രെച്ചിലാണ് ജില്ലയെ ഉൾപ്പെടുത്തിയിരിക്കുന്നത്

അതിവേഗം ലക്ഷ്യസ്ഥാനം

കാസർകോട് നിന്ന് ട്രെയിനിൽ കയറിയാൽ 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താമെന്നാണ് സിൽവർ ലൈനിന്റെ പ്രത്യേകത. നിലവിൽ 10 - 12 മണിക്കൂറാണ് ഇതിന് വേണ്ടിവരുന്നത്. മണിക്കൂറിൽ 200 കി.മീ വേഗതയിലാവും ട്രെയിൻ പായുക. ഒരു സമയം 675 പേർക്ക് യാത്ര ചെയ്യാം. സാധാരണയിൽ നിന്ന് വ്യത്യസ്തമായി സ്റ്റാൻഡേർഡ് ഗേജ് പാളങ്ങളാണ് സിൽവർ ലൈൻ പാതയ്ക്ക് ഉപയോഗിക്കുന്നത്. ബ്രോഡ്ഗേജിനെക്കാൾ കൂടുതൽ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനാണ് സ്റ്റാൻഡേർഡ് ഗേജ് തിരഞ്ഞെടുക്കുന്നത്.

കെ റെയിൽ ജില്ലയിൽ

നാല് താലൂക്കുകളിലൂടെ

സ്റ്റേഷനുകൾ ഇല്ല

516 കുടുംബങ്ങളെ ഒഴിപ്പിക്കും

63, 940.67 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക.

പദ്ധതിയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിനും മറ്റ് ചെലവുകൾക്കുമായും 2100 കോടി രൂപ കിഫ് ബിയിൽ നിന്ന് കടമെടുത്തു കഴിഞ്ഞു.

Advertisement
Advertisement