ഫൈസലിനെ തുണച്ചത് ന്യൂനപക്ഷ പ്രാതിനിധ്യം, ഗ്രൂപ്പുസമവാക്യം

Saturday 28 August 2021 12:09 AM IST
പി കെ ഫൈസൽ

കാസർകോട്: പരിഗണിക്കേണ്ടുന്നവരുടെ എണ്ണം കൂടിയതിനാൽ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്ന കാസർകോട് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് അന്തിമ പട്ടികയിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം പി.കെ. ഫൈസൽ മാത്രം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, ഡി.സി.സി സെക്രട്ടറി,വൈസ് പ്രസിഡന്റ് പദവി വരെ വഹിച്ച ഫൈസലിന്റെ ജനകീയതയും പരിഗണനയിൽ നിർണായകമായി.

ഒരു കാലത്ത് ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായി എ ഗ്രൂപ്പിനെ നയിച്ച ഫൈസൽ ഇടക്കാലത്താണ് ഐ ഗ്രൂപ്പിൽ എത്തി, കെ. സി വേണുഗോപാലും രമേശ് ചെന്നിത്തലയും കെ. സുധാകരനും അടക്കുമുള്ള പ്രമുഖരുടെ വിശ്വസ്തനായി മാറിയത്. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പരിഗണനയിൽ പാർലിമെന്റ് അംഗങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതും ഫൈസലിനെ തുണച്ചു. നിലവിൽ വലിയൊരു വിഭാഗം നേതാക്കൾ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയോട് മുഖം തിരിച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഫൈസൽ അദ്ദേഹവുമായി നല്ല അടുപ്പം പുലർത്തിവരുന്ന നേതാവാണ്.

കാസർകോട്ടെ അദ്ധ്യക്ഷ പദവി ന്യൂനപക്ഷ വിഭാഗത്തിലെ ഒരാൾക്ക് തന്നെ നൽകണമെന്ന് കോൺഗ്രസ് പാർട്ടി നേരത്തെ തീരുമാനിച്ചിരുന്നു. ഡോ. ഖാദർ മാങ്ങാട്, പി.കെ. ഫൈസൽ, എം. അസൈനാർ, സാജിദ് മൗവ്വൽ എന്നിവരെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. പ്രവർത്തകരുമായി അടുത്തബന്ധമില്ല എന്നുള്ളത് ഖാദർ മാങ്ങാടിന് തിരിച്ചടിയായി. ജില്ലയിൽ മുഴുവനായി ഓടാൻ കഴിയില്ലെന്ന് പാർട്ടിയെ അറിയിച്ച എം. അസൈനാറും പട്ടികയിൽ നിന്ന് മാറി. യൂത്ത് കോൺഗ്രസ് നേതാവ് സാജിദ് മൗവ്വലുമായി പരിഗണിച്ചപ്പോൾ ഫൈസലിന് പരിചയസമ്പത്ത് തുണയായി.

മുസ്ലിം ലീഗ് പതിവായി ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നതിനാൽ മറ്റ് മണ്ഡലങ്ങളിൽ ന്യൂനപക്ഷ നേതാക്കൾക്ക് കോൺഗ്രസ് പരിഗണന നൽകാത്തതും അദ്ധ്യക്ഷപദവി ഈ വിഭാഗത്തിനായി നീക്കിവച്ചതിന് പിന്നിലുണ്ട്. പാർട്ടിയിലെങ്കിലും ഇവരെ പരിഗണിക്കണമെന്ന നിർദ്ദേശത്തെ മറ്റ് നേതാക്കൾ അംഗീകരിക്കുകയായിരുന്നു.

Advertisement
Advertisement