പോക്സോ കേസ് : യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിക്ക് മുൻകൂർ ജാമ്യം

Saturday 28 August 2021 2:23 AM IST

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിലെ രണ്ടാം പ്രതിയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിന് (39) എറണാകുളം പോക്സോ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഷാൻ മുഹമ്മദിന്റെ മുൻ ഡ്രൈവർ റിയാസാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും വിവരങ്ങൾ മറച്ചുവെച്ചെന്നും പെൺകുട്ടിയുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഷാൻ മുഹമ്മദിനെതിരെയുള്ള പരാതി. പോക്സോ നിയമപ്രകാരം പീഡനവിവരം മറച്ചുവെക്കുന്നതും കുറ്റമാണ്. എന്നാൽ പെൺകുട്ടിയുടെ രക്തം പരിശോധിക്കാൻ ഇവർക്കൊപ്പം ലാബിലേക്ക് പോയെന്നല്ലാതെ തനിക്കു സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും രാഷ്ട്രീയ വിരോധത്തെത്തുടർന്ന് തന്നെ കേസിൽ കുടുക്കിയതാണെന്നുമായിരുന്നു ഷാൻ മുഹമ്മദിന്റെ വാദം. കഴിഞ്ഞ മാർച്ച് 20 നാണ് പെൺകുട്ടിയെ റിയാസ് പീഡിപ്പിച്ചത്.

Advertisement
Advertisement