ഹോം ഐസൊലേഷന് പ്രത്യേക ജാഗ്രത

Saturday 28 August 2021 3:30 AM IST

തിരുവനന്തപുരം : അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം പടരുന്ന സാഹചര്യത്തിൽ ഹോം ഐസൊലേഷനിൽ കഴിയുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഹോം ഐസൊലേഷനിൽ കഴിയുന്നവർ വീട്ടിലെ ഒരു മുറിയിൽ നിന്ന് പുറത്തിറങ്ങരുത്. ഇടപഴകരുത്. കൊവിഡ് പോസിറ്റീവായ മറ്റ് രോഗ ലക്ഷണങ്ങളില്ലാത്തവർക്കാണ് ഹോം ക്വാറന്റൈൻ അനുവദിക്കുന്നത്.

ഹോം ഐസൊലേഷൻ എങ്ങനെ

ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവർ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവർക്ക് ഡൊമിസിലിയറി കെയർസെന്ററുകൾ ലഭ്യമാണ്. എ.സിയുള്ള മുറി ഒഴിവാക്കണം. വീട്ടിൽ സന്ദർശകർ പാടില്ല. രോഗീപരിചരണം നടത്തുന്നവർ എൻ 95 മാസ്‌ക് ധരിക്കേണ്ടതാണ്.

സാധനങ്ങൾ കൈമാറരുത്

ആഹാര സാധനങ്ങൾ, ടിവി റിമോട്ട്, ഫോൺ മുതലായ വസ്തുക്കൾ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കാൻ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും സ്വയം കഴുകണം.

വെള്ളവും ആഹാരവും പ്രധാനം

വീട്ടിൽ കഴിയുന്നവർ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഫ്രിഡ്ജിൽ വച്ച തണുത്ത വെള്ളവും ഭക്ഷണ പദാർത്ഥങ്ങളും ഒഴിവാക്കണം. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് തൊണ്ട ഗാർഗിൾ ചെയ്യുന്നത് നല്ലതാണ്. 8 മണിക്കൂറെങ്കിലും ഉറങ്ങുക.

സ്വയം നിരീക്ഷണം

പൾസ് ഓക്‌സി മീറ്റർ കരുതണം. പൾസ് ഓക്‌സി മീറ്ററിലൂടെ കാണിക്കുന്ന ഓക്‌സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗ ലക്ഷണങ്ങളും ദിവസവും ഒരു ബുക്കിൽ കുറിച്ച് വയ്‌ക്കണം. ക്രമേണ കുറയാൻ തുടങ്ങിയാൽ ഉടൻ വൈദ്യസഹായം തേടണം.

അപായ സൂചന

ശ്വാസം മുട്ടൽ, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിതമായ ക്ഷീണം, അമിതമായ ഉറക്കം, കഫത്തിൽ രക്തത്തിന്റെ അംശം കാണുക, തീവ്രമായ പനി, ബോധക്ഷയം അല്ലെങ്കിൽ മോഹാലസ്യപ്പെടുക തുടങ്ങിയവ അപായ സൂചകങ്ങളാണ്. ഇത്തരം സാഹചര്യത്തിൽ ഉടൻ ആരോഗ്യ പ്രവർത്തകരേയോ ദിശ 104, 1056 എന്നീ നമ്പരുകളിലോ വിവരമറിയിക്കണം. ആംബുലൻസ് എത്തുന്നതുവരെ കമിഴ്ന്ന് കിടക്കണം.

Advertisement
Advertisement