സഞ്ചാരികളൊഴുകും ഇനി അഞ്ചൽ കൃഷിഫാമിലേക്ക്

Saturday 28 August 2021 12:39 AM IST
കോട്ടുക്കൽ കൃഷി ഫാമിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ. ഡാനിയേലിന്റെ നേതൃത്വത്തിൽ നടന്ന ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പ്

അഞ്ചൽ കോട്ടുക്കൽ കൃഷിഫാമിൽ ഫാം ടൂറിസമൊരുക്കാൻ ജില്ലാ പഞ്ചായത്ത്

കൊല്ലം: 'വിഭവ സമൃദ്ധ'മായ അര നൂറ്റാണ്ടിന്റെ നിറവിൽ നിൽക്കുന്ന പ്രകൃതിസുന്ദരമായ അഞ്ചൽ കോട്ടുക്കൽ കൃഷിഫാം ഫാം ടൂറിസത്തിലൂടെ സഞ്ചാരികളെ ആകർഷിക്കാനുള്ള തയ്യാറെടുപ്പിൽ. 350 ഏക്കർ ഭൂമിയിൽ 1971ൽ ആരംഭിച്ച ഫാമിലെ 20 ഏക്കർ ഒഴികെയുള്ള ഭാഗത്ത് 1.15 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചിരിക്കുന്നത്.

പച്ചക്കറി, നടീൽ വസ്തുക്കളുടെ ഉത്പാദന കേന്ദ്രമാണ് ഫാം. ആകെ ഭൂമിയിലെ 20 ഏക്കർ 2008ൽ വനിതാ സ്‌പോർട്സ് അക്കാഡമിക്കു കൈമാറി. അവശേഷിക്കുന്ന ഭൂമിയിൽ ഇത്തിരി പോലും വെറുതെ കിടക്കുന്നില്ല. ശേഷിയുള്ള വിത്തുകൾ ഉത്പാദിപ്പിക്കുകയാണ് ഫാമിന്റെ പ്രധാന ലക്ഷ്യം. പാവൽ, പയർ, വെണ്ട, പടവലം, ചീര, തക്കാളി, ചുരയ്ക്ക, വെള്ളരി, മത്തൻ എന്നു വേണ്ട എല്ലാ വിത്തുകളും ഇവിടെ ലഭിക്കും. മറ്റു ജില്ലകളിൽ നിന്നുൾപ്പെടെ ആളുകൾ നേരിട്ട് ഫാമിലെത്തി വിത്തു വാങ്ങുന്നുണ്ട്. ടിഷ്യു കൾച്ചർ ലാബും പ്രവർത്തിക്കുന്നു. പ്രതിവർഷം ഒരു ലക്ഷം ടിഷ്യു കൾച്ചർ വാഴ വിത്തുകൾ തയ്യാറാക്കാറുണ്ട്. നേന്ത്രൻ, പൂവൻ, റോബസ്റ്റ ഇനത്തിൽപ്പെട്ട വാഴകളാണേറെയും.

വെച്ചൂർ പശുക്കൾ

വർഷം ഒന്നര ലക്ഷം കുരുമുളക് തൈകളും 10,000 തെങ്ങിൻ തൈകളും കർഷകരിൽ എത്തിക്കുന്നുണ്ട്. വെച്ചൂർ പശുക്കൾ ഉൾപ്പെടെ പശുവളർത്തൽ കേന്ദ്രവും വെർമി കമ്പോസ്റ്റ് യൂണിറ്റും പ്രവർത്തിക്കുന്നു. ഫ്രൂട്ട്സ് പ്രോസസിംഗ് യൂണിറ്റ് ആരംഭിച്ചു. പാഷൻ ഫ്രൂട്ട് ജൂസ് ഉണ്ടാക്കാൻ പദ്ധതി ഇട്ടെങ്കിലും ആവശ്യത്തിന് ഫ്രൂട്ട് ലഭിക്കാതിരുന്നതിനാൽ കൈതക്കൃഷി കൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. അപൂർവയിനം ഔഷധ സസ്യങ്ങളുടെ തോട്ടവും ആളുകളെ ആകർഷിക്കുന്നു.

...............................................

 750 കിലോ: പ്രതിവർഷം ഫാമിൽ ഉത്പാദിപ്പിക്കുന്ന വിത്തുകൾ

 30,000: വർഷം നിർമ്മിക്കുന്ന ഫലവൃക്ഷ ബഡ്ഡുകളും ഗ്രാഫ്റ്റുകളും

മറ്റു പ്രത്യകതകൾ

 100 ഏക്കർ സ്ഥലം കശുമാവ് തോട്ടം

 അതുത്പാദന ശേഷിയുള്ള ആറിനം മാവുകൾ

 6 ഏക്കറിൽ 36 അപൂർവയിനം വിദേശ ഫലവൃക്ഷങ്ങൾ

 മാവ്, പ്ലാവ്, ആത്ത, ചാമ്പ, പേര എന്നിവയുടെ തോട്ടം

ടൂറിസ്റ്റ് കേന്ദ്രമായ ജഡായുപ്പാറ, കുടുക്കത്തു പാറ, കോട്ടുക്കൽ ഗുഹാക്ഷേത്രം എന്നിവയുമായി ഫാം ടൂറിസത്തെ ബന്ധിപ്പിക്കാം. ഗാർഡൻ, ബട്ടർഫ്‌ളൈ പാർക്ക്‌, ഇരിപ്പിടങ്ങൾ, വ്യത്യസ്ത പഴവർഗങ്ങളുടെ മ്യൂസിയം, ഒരേ ചെടിയുടെ വിവിധ ഇനങ്ങളുടെ പ്രദർശനം, ശാസ്ത്രീയ കൃഷി മുറകൾ കാണാനുള്ള സൗകര്യം എന്നിവ ഫാം ടൂറിസത്തിന്റെ ഭാഗമായി ഒരുക്കും

സാം കെ. ഡാനിയേൽ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്

Advertisement
Advertisement