രുചികൾ ബാക്കി, നൗഷാദ് ഓർമ്മയായി,​ വിട പറഞ്ഞത് ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ്

Friday 27 August 2021 10:51 PM IST

തിരുവല്ല: രുചിയുടെ നെയ്‌മണം പരത്തി മലയാളി മനസിൽ ഇടംനേടിയ പ്രമുഖ പാചകവിദഗ്ദ്ധനും കാറ്ററിംഗ്, റസ്റ്റോറന്റ് ശൃംഖലയുടെ ഉടമയും ചലച്ചിത്ര നിർമ്മാതാവുമായ തിരുവല്ല മുത്തൂർ കളീക്കൽ വീട്ടിൽ നൗഷാദ് (55) അന്തരിച്ചു. ഇന്നലെ രാവിലെ 8.45ന് തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര, നട്ടെല്ല് രോഗങ്ങൾക്ക് വർഷങ്ങളായി ചികിത്സയിലായിരുന്നു. പ്രമേഹവും രക്തസമ്മർദ്ദവും മൂർച്ഛിച്ചതിനെ തുടർന്ന് ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. പരേതരായ കെ.പി. കനിയുടെയും ആരിഫയുടെയും മകനാണ്. രണ്ടാഴ്ചമുമ്പാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതം മൂലം മരിച്ചത്. ആറാംക്ലാസ് വിദ്യാർത്ഥിനി നഷ്‌വയാണ് മകൾ. സഹോദരൻ നാസർ.

പ്രമുഖ കാറ്ററിംഗ്, റസ്റ്റോറന്റ് ശൃംഖലയായ 'നൗഷാദ് ദ ബിഗ് ഷെഫിന്റെ' ഉടമയാണ്. മൂന്നര പതിറ്റാണ്ടായി പാചകരംഗത്തുള്ള നൗഷാദ് ടി.വി ചാനലുകളിൽ കുക്കറിഷോകളിലൂടെയും ശ്രദ്ധേയനായിരുന്നു. ചലച്ചിത്ര സംവിധായകനും സുഹൃത്തുമായ ബ്ളസിയുടെ 'കാഴ്ച' സിനിമയാണ് നൗഷാദ് ആദ്യമായി നിർമ്മിച്ചത്.നിർമ്മാതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഇൗ ചിത്രത്തിന് ലഭിച്ചു. ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്‌പാനിഷ്‌ മസാല എന്നീ സിനിമകളുടെയും നിർമ്മാതാവാണ്.

ശരീരഭാരം കുറയ്ക്കാൻ വർഷങ്ങൾക്ക് മുമ്പ് നൗഷാദ് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനുശേഷം വണ്ണം അമിതമായി കൂടിയതോടെയാണ് രോഗങ്ങൾ ഗുരുതരമായത്. ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷം തിരുവല്ലയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെ അന്ത്യാഞ്ജലി അർപ്പിച്ചു. മുത്തൂർ ജുമാമസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടത്തി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു.

Advertisement
Advertisement