"മകളേ നിനക്കൊപ്പം കേരള പൊലീസ് " വൈറലായി വീഡിയോ ആൽബം

Saturday 28 August 2021 12:15 AM IST

കോന്നി : "ഇനി വരും പുലരി നിനക്കു വേണ്ടി,

ഈ നീലരാവും നിനക്കു വേണ്ടി.....

ഇനി നിന്റെ മിഴി ഈറനണിയേണ്ടതെല്ലും...

ഇനി നിന്റെ മനമൊട്ടും ഇടറേണ്ട വീണ്ടും...

ഈ ഹരിത ഭൂമിയും ഈ നീലവാനവും.....
ഇതളിടും പൂവേ നിനക്ക് സ്വന്തം..."

സ്ത്രീധന വിപത്തിനെതിരെ കേരള പൊലീസ് പുറത്തിറക്കിയ "മകളേ നിനക്കൊപ്പം കേരള പൊലീസ് " എന്ന വൈറലായ വീഡിയോ ഗാനത്തിലെ വരികളാണിത്. പൊലീസ് സേനയ്ക്ക് അഭിമാനമായി മാറിയ വീഡിയോയ്ക്ക് വേണ്ടി ജില്ലയിലെ കാക്കിക്കുള്ളിലെ കലാകാരൻമാരാണ് അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത്.

പത്തനംതിട്ട കൺട്രോൾ റൂം സബ് ഇൻസ്‌പെക്ടർ സി.മധുവിന്റെ വരികൾക്ക് അനിൽ കൈപ്പട്ടൂരാണ് ഈണം പകർന്നത്.

കോന്നി പൊലീസ് സ്​റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് മല്ലശേരി, ബി.സുരേഷ്, മലയാലപ്പുഴ സ്​റ്റേഷനിലെ കെ.ബി.രഞ്ജിത്ത് കുമാർ എന്നിവരാണ് പാടിയത്. ജൂബിൻ വട്ടക്കുളഞ്ഞിയാണ് സംവിധാനം. വിനോദ് മാർഷൽ മീഡിയ, സജി ഇലവുംതിട്ട എന്നിവർ അണിയറയിലുമുണ്ട്.
സ്ത്രീധന പീഡനങ്ങളും മരണങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്ത്രീധനമെന്ന ദുരാചാരത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് ആവിഷ്‌കരിക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഈ വീഡിയോ ഗാനം.
ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിയുടെ പിന്തുണയുമുണ്ട്.
പൊലീസ് സേനയിൽ കൂടുതൽ കലാകാരന്മാരുള്ള ജില്ലയാണ് പത്തനംതിട്ട. സ്വകാര്യ ചാനലിൽ കോമഡി സൂപ്പർ ഷോയിൽ പരിപാടി അവതരിപ്പിച്ച ഏഴ് കലാകാരന്മാരും ജില്ലയിലെ വിവിധ സ്​റ്റേഷനുകളിലുണ്ട്. ഹൈവേ പൊലീസിലെ സി.പി.ഒ സാബു നാരായണൻ, ജില്ലാഹെഡ്ക്വാർട്ടേഴ്‌സിലെ എ.എസ്.ഐ. ദീപ്തികുമാർ, കൂടൽ സ്​റ്റേഷനിലെ ഫിറോസ്, ആറന്മുള സ്​റ്റേഷനിലെ ദീപ, സിൻസി എന്നിവരാണ് കോമഡി ഷോയിൽ പരിപാടികൾ അവതരിപ്പിച്ചത്.

Advertisement
Advertisement