നാടാകെ മാലക്കള്ളന്മാർ: വേണം, അതീവ കരുതൽ

Saturday 28 August 2021 12:55 AM IST

കോലഞ്ചേരി: നാടാകെ മാലക്കള്ളന്മാർ, വീട്ടിലെത്തി വഴി ചോദിക്കാനെന്ന വ്യാജേനയും നടന്നു പോകുന്ന വഴിയിൽ പിന്നിൽ നിന്നെത്തിയും ബന്ധുക്കൾ ചമഞ്ഞും മോഷ്ടിക്കാൻ കണ്ടെത്തുന്നത് നിരവധി മാർഗങ്ങളാണ്. കുപ്രസിദ്ധ മോഷ്ടാവായ ചേലക്കുളം വട്ടപ്പറമ്പിൽ സമദിനെ കഴിഞ്ഞ ദിവസം അകത്താക്കിയെങ്കിലും മോഷണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം മുനമ്പം, കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ധരിച്ചെത്തി മാല പൊട്ടിച്ച സംഭവം വീണ്ടുമുണ്ടായി. അല്പം ശ്രദ്ധയുണ്ടെങ്കിൽ ഇത്തരം കേസുകൾ ഒഴിവാക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

രക്ഷയ്ക്ക് പിൻവിദ്യ

 മാലയുടെ കൊളുത്ത് ഒരു സേഫ്റ്റി പിൻ ഉപയോഗിച്ച് ധരിക്കുന്ന വസ്ത്രത്തിലേക്ക് കൊളുത്തിയിടുക. പിന്നിൽ നിന്നും പൊട്ടിക്കുമ്പോൾ പെട്ടെന്ന് ശ്രദ്ധ ലഭിക്കാൻ ഇത് ഇടയാക്കും.

 അപരിചിതർ എന്തെങ്കിലും കാര്യങ്ങളുമായി അടുത്തേക്ക് വന്നാൽ ഉച്ചത്തിൽ വിളിച്ച് വീടിനുള്ളിലെയോ അടുത്ത വീട്ടിലെയോ ആളുകളുടെ ശ്രദ്ധ വരുത്തുക
 ഒ​റ്റയ്ക്ക് യാത്ര ചെയ്യുന്ന സമയങ്ങളിൽ കഴുത്തിൽ സ്വർണമാല ഉണ്ടെങ്കിൽ കരുതൽ വേണം
 ഇരുചക്ര വാഹനത്തിൽ വരുന്നവർ ഏതെങ്കിലും പേരോ വിലാസമോ വഴിയോ ചോദിച്ച് അടുത്തു വന്നാൽ അത്  മാല പൊട്ടിക്കാനാണ് എന്നുള്ള കരുതലോടെ കൂടി ഒതുങ്ങി മാറിനിൽക്കുക.
കഴിയുമെങ്കിൽ വാഹനത്തിന്റെ നമ്പർ ശ്രദ്ധിച്ച് ഓർമ്മയിൽ വയ്ക്കുക
 സ്ത്രീകൾ സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ വേഗത കുറയ്ക്കുമ്പോഴും എവിടെയെങ്കിലും വാഹനം നിറുത്തി നിൽക്കുമ്പോളും പുറകിൽ നിന്നു വരുന്ന മ​റ്റ് ഇരുചക്രവാഹനത്തിലെത്തി മാല പൊട്ടിച്ചു കൊണ്ടുപോകുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ കരുതലോടെ നിൽക്കുക.
 പ്രായമായ സ്ത്രീകൾ ഒ​റ്റയ്ക്ക് സഞ്ചരിക്കുമ്പോൾ കഴുത്തിൽ സ്വർണമാല ധരിക്കാതിരിക്കുക.
 പ്രഭാത സവാരിക്കോ, ആരാധനാലയങ്ങളിൽ പോകുമ്പോഴോ ആഭരണങ്ങൾ സൂക്ഷിക്കുക
 പ്രായമായവർ വീടുകളിൽ നിൽക്കുമ്പോഴും കരുതൽ വേണം.

Advertisement
Advertisement