എൽ.ഐ.സി ഐ.പി.ഒ: 10 ബാങ്കുകൾ നിയന്ത്രിക്കും

Saturday 28 August 2021 3:29 AM IST

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി) പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ പത്ത് ബാങ്കുകളെ തിരഞ്ഞെടുത്തു. 16 ബാങ്കുകളാണ് ഓഹരി വില്പന നിയന്ത്രിക്കാനുള്ള കരാറിനായി മത്സരിച്ചത്.

ഗോൾഡ്മാൻ സാച്‌സ്, സിറ്റി ഗ്രൂപ്പ്, കോട്ടക് മഹീന്ദ്ര, എസ്.ബി.ഐ കാപ്‌സ്, ജെ.എം. ഫിനാൻഷ്യൽ ലിമിറ്റഡ്, ആക്‌സിസ് കാപ്പിറ്റൽ, നോമുറ, ബാങ്ക് ഒഫ് അമേരിക്ക സെക്യൂരിറ്റീസ്, ജെ.പി. മോർഗൻ ഇന്ത്യ, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് എന്നിവ തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിൽ ഉൾപ്പെടുന്നു. ജൂലായിലാണ് കേന്ദ്രസർക്കാരിന്റെ സാമ്പത്തികകാര്യ കാബിനറ്റ് സമിതി (സി.സി.ഇ.എ) എൽ.ഐ.സി ഐ.പി.ഒയ്ക്ക് അനുമതി നൽകിയത്.

പൊതുമേഖലാ ഓഹരി വില്പന നടപടികളുടെ ഭാഗമായാണ് എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പന. എൽ.ഐ.സിയെ ഓഹരി വിപണിയിലെത്തിക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. എൽ.ഐ.സി ഐ.പി.യും ബി.പി.സി.എൽ., എയർ ഇന്ത്യ ഓഹരി വില്പനയും നടപ്പുവർഷം പൂർത്തിയാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ബ്രഹ്മാണ്ഡ ഐ.പി.ഒ

34 ലക്ഷം കോടി രൂപയുടെ മൂല്യമാണ് എൽ.ഐ.സിക്ക് വിലയിരുത്തപ്പെടുന്നത്. 10 ശതമാനം വരെ ഓഹരികൾ രണ്ടുഘട്ടങ്ങളിലായി ഐ.പി.ഒയിലൂടെ വിൽക്കുമെന്നാണ് സൂചനകൾ.

 10 ശതമാനം ഓഹരികൾ ഉൾക്കൊള്ളുന്ന ഐ.പി.ഒയിലൂടെ 1-1.50 ലക്ഷം കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കേന്ദ്ര പ്രതീക്ഷ.

Advertisement
Advertisement