60 വയസ് കഴിഞ്ഞ പ്രവാസികൾക്ക് വിസ കാലാവധി നീട്ടി നല്കും : കുവൈറ്റ്

Saturday 28 August 2021 3:17 AM IST

കുവൈറ്റ് സിറ്റി: 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും ബിരുദമില്ലാത്തവരുമായ പ്രവാസികളിൽ വിസാ കാലാവധി കഴിഞ്ഞവർക്ക് ആറു മാസം കൂടി വിസ നീട്ടി നൽകാൻ തീരുമാനമായതായി കുവൈറ്റ്. ഇവർക്ക് പ്രത്യേക ഫീസ് അടച്ച് വിസ പുതുക്കാൻ അനുമതി നൽകുന്ന നിയമ ഭേദഗതി നടപ്പിൽ വരാത്തതിനെ തുടർന്നാണ് താൽക്കാലിക നടപടി.

60 കഴിഞ്ഞവരും ബിരുദമില്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നൽകില്ലെന്ന തീരുമാനം കഴിഞ്ഞ ജനുവരിയിൽ നടപ്പിലാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.

മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ 2000 ദിനാർ ഫീസ് ഈടാക്കി വിസ ഓരോ വർഷത്തേക്ക് പുതുക്കാവുന്നതാണെന്ന ശുപാർശ മാനവ വിഭവശേഷി അതോറിറ്റി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടെങ്കിലും ഇതിന് മന്ത്രി സഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. ഇതേത്തുടർന്നാണ് ഇവരുടെ വിസ കാലാവധി ആറു മാസത്തേക്ക് നീട്ടാൻ തീരുമാനമെടുത്തിയിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസകരമാവുന്ന തീരുമാനമാണിത്.

2020 സെപ്റ്റംബറിലാണ് സെക്കന്ററി സ്‌കൂൾ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രം യോഗ്യതയുള്ള വിദേശികൾക്ക് 60 വയസ്സ് കഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്.

Advertisement
Advertisement