ഒന്നിന് പിറകെ ഒന്നായി ബാറ്റ്‌സ്മാൻമാർ പുറത്ത്; ലീഡ്സിൽ നാണം കെട്ട് ഇന്ത്യ, ഇന്നിംഗ്സിനും 76 റൺസിനും പരാജയം

Saturday 28 August 2021 5:28 PM IST

ലീഡ്സ്: ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യയ്‌ക്ക് ദയനീയ തോൽവി. മൂന്നാംദിനം ബാറ്റിംഗ് മികവിൽ പിടിച്ചുനിന്ന ഇന്ത്യ നാലാം ദിനമായ ഇന്ന് മത്സരം ആരംഭിച്ച് രണ്ട് മണിക്കൂറിനകം തന്നെ കീഴടങ്ങുകയായിരുന്നു.

രണ്ടാം ഇന്നിംഗ്‌സിൽ 139 റൺസിന് പിന്നിൽ നിൽക്കെ മൂന്നാം ദിനം കളി അവസാനിച്ചിരുന്നു. നാലാം ദിനം 63 റൺസ് കൂട്ടിച്ചേ‌ർക്കുന്നതിനിടെ അവശേഷിച്ച എട്ട് വിക്കറ്റും നഷ്‌ടപ്പെടുത്തി ഇന്ത്യ ഇന്നിംഗ്‌സിനും 76 റൺസിനുമാണ് പരാജയപ്പെട്ടത്. ഇതോടെ അഞ്ച് മത്സരങ്ങളുള‌ള പരമ്പര ഇരുടീമുകളും ഓരോ വിജയം വീതം നേടി തുല്യത പാലിക്കുകയാണ്.

215ന് 2 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്‌ക്ക് ഒരു റൺ പോലും ചേർക്കുന്നതിന് മുൻപ് പൂജാരയെ (91) നഷ്‌ടമായി. പിന്നാലെ അർദ്ധ സെഞ്ച്വറി നേടിയ കൊഹ്‌ലി(55) പുറത്ത്. പിന്നാലെ രഹാനെ(10), പന്ത്(1), ഷമി(6), ഇഷാന്ത് ശർമ്മ(2), സിറാജ്(0) എന്നിവരും പുറത്തായി. ജഡേജ (30) മാത്രമാണ് ഇന്ന് അൽപമെങ്കിലും പൊരുതി നിന്നത്. ഒരു റൺ നേടിയ ബുമ്‌റ പുറത്താകാതെ നിന്നു. 65 റൺസ് വഴങ്ങി 5 വിക്കറ്റ് നേടിയ ഒലി റോബിൻസണാണ് ഇന്ത്യൻ ബാറ്റിംഗ്‌നിരയെ തകർത്തത്.

Advertisement
Advertisement