കരിങ്കൽ ക്വാറികളുടെ ദൂരപരിധി ചോദ്യം ചെയ്ത് കേരളം സുപ്രീംകോടതിയിൽ

Sunday 29 August 2021 12:35 AM IST

ന്യൂഡൽഹി : ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റർ അകലെ മാത്രമേ കരിങ്കൽ ക്വാറികൾ പ്രവർത്തിപ്പിക്കാവൂ എന്ന ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്‌ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽനൽകി. 50 മീറ്റർ ദൂരപരിധി നിശ്ചയിച്ച് സംസ്ഥാനം ഇറക്കിയ ചട്ടം ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. സ്വമേധയാ എടുത്ത കേസിൽ ബന്ധപ്പെട്ട കക്ഷികളെ കേൾക്കാതെ ഇറക്കിയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു.

1957-ലെ മൈൻസ് ആൻഡ് മിനറൽസ് ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ നിയമത്തെ ആധാരമാക്കി ജനവാസ കേന്ദ്രങ്ങളിൽ അടക്കം 50 മീറ്റർ മാറി പാറ ഖനനം നടത്താമെന്ന ചട്ടം നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം അപ്പീൽ നൽകിയത്. ചട്ടം അസാധുവാക്കാതെ 200 മീറ്റർ ദൂരപരിധി നിശ്ചയിക്കുന്നത് നിലനിൽക്കില്ലെന്നും അപ്പീലിൽ പറയുന്നു. കൂടാതെ 200 മീറ്റർ ദൂരപരിധി നിശ്ചയിച്ചാൽ സംസ്ഥാനത്ത് ആവശ്യമായ പാറക്കല്ല് ലഭിക്കില്ലെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്.

200 മീറ്റർ ദൂരപരിധി നിശ്ചയിച്ച് ഹരിത ട്രൈബ്യൂണലിന് ഉത്തരവിറക്കാൻ അധികാരമുണ്ടെന്ന് വിലയിരുത്തിയ ഹൈക്കോടതി ബന്ധപ്പെട്ട കക്ഷികളെ കേൾക്കാത്തത് ചൂണ്ടിക്കാട്ടിയാണ് അതു റദ്ദാക്കിയത്. എന്നാൽ, ക്വാറി ഉടമകൾ നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിനാൽ ഹരിത ട്രൈബ്യൂണൽ ഉത്തരവിന് വീണ്ടും സാധുത ലഭിച്ചു. കേസ് സെപ്തംബർ ഒന്നിന് വീണ്ടും വാദത്തിനെടുക്കും വരെ സുപ്രീംകോടതിയുടെ സ്റ്റേ നിലനിൽക്കുമെന്ന് ജസ്റ്റിസ് ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഖനനം നടത്തുന്ന കരിങ്കൽ ക്വാറികൾ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റർ അകലെ മാത്രമേ പ്രവർത്തിക്കാവൂ എന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കിയത്. ജനവാസ മേഖലയിൽ സ്‌ഫോടനമില്ലാതെയുള്ള ഖനനത്തിന് 100 മീറ്റർ അകലം പാലിക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.

Advertisement
Advertisement