അച്ഛനെയും മകളെയും മോഷ്ടാക്കളെന്ന് പൊലീസുകാരി ആക്ഷേപിച്ച സംഭവം, മൊഴിയെടുത്ത് ബാലാവകാശ കമ്മിഷൻ

Sunday 29 August 2021 12:40 AM IST

ആറ്റിങ്ങൽ: പിങ്ക് പൊലീസ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാരുടെ മുന്നിൽ വച്ച് യുവാവിനെയും എട്ടു വയസുള്ള മകളെയും പൊലീസുകാരി ആക്ഷേപിക്കുന്നതും ഇതേ മൊബൈൽ വാഹനത്തിനുള്ളിൽത്തന്നെ കണ്ടെത്തിയതുമായ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ബാലാവകാശ കമ്മീഷൻ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. യുവാവ് നൽകിയ പരാതിയിൽ ആറ്റിങ്ങൽ സി.ഐയും മൊഴി രേഖപ്പെടുത്തി.

വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെ ആറ്റിങ്ങൽ ദേശീയപാതയിൽ മൂന്നുമുക്കിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മേൽ തോന്നയ്ക്കൽ മങ്കാട്ടുമൂല കോട്ടറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജയചന്ദ്രനും എട്ടു വയസ്സുള്ള മകൾ ദേവപ്രിയയും ഐ.എസ്.ആർ.ഒ യിലേയ്ക്ക് കൊണ്ടുപോകുന്ന സിൻടാക്സിൻ ചേമ്പറുകളുടെ നീക്കം കാണാനാണ് മൂന്നുമുക്കിൽ എത്തിയത്. ഇവിടെ പിങ്ക്പൊലീസിന്റെ വാഹനം പാർക്ക് ചെയ്തതിനു സമീപത്താണ് ജയചന്ദ്രനും മകളും നിന്നത്. ഈ സമയം അവരുടെ അടുത്തെത്തിയ പിങ്ക് പൊലീസിലെ രജിത പൊലീസ് വാഹനത്തിൽ നിന്നും മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ച് യുവാവിനോട് കയർത്തു. നൂറോളം ആളുകളുടെ മുന്നിൽ വച്ചാണ് പൊലീസുകാരി ജയചന്ദ്രനെ കള്ളനാക്കി ചിത്രീകരിച്ചത്. നാട്ടുകാർ ആദ്യം ഇത് വിശ്വസിച്ചു. സംഭവംകണ്ട് ഭയന്ന കുട്ടി വാവിട്ടു കരയാൻ തുടങ്ങി.

ജയചന്ദ്രനെയും കുട്ടിയെയും സ്റ്റേഷനിൽ കൊണ്ടു പോകുമെന്ന നിലവന്നപ്പോൾ ഈ രംഗങ്ങളെല്ലാം തുടക്കംമുതൽ മൊബൈലിൽ പകർത്തുകയായിരുന്ന യുവാവ് രംഗത്തെത്തി.പൊലീസിന്റെ പ്രവർത്തി മനുഷത്വരഹിതമാണെന്ന് പറഞ്ഞ യുവാവിനോടും പൊലീസുകാരി കയർത്തു. മറ്റാരുടെയെങ്കിലും മൊബൈലിൽ നിന്ന് കാണാതായ ഫോണിലേക്ക് വിളിക്കാൻ യുവാവ് ആവശ്യപ്പെട്ടു. മറ്റൊരു പൊലീസുകാരി കാണാതായ മൊബൈലിലെ നമ്പരിലേയ്ക്ക് വിളിച്ചപ്പോൾ പൊലീസ് വാഹനത്തിനുള്ളിൽ തന്നെ മൊബൈൽ കണ്ടെത്തുകയും ചെയ്തു.എന്നാൽ താൻ ആക്ഷേപിച്ചവരോ‌ട് മാപ്പുപോലും പറയാൻ തയ്യാറാവാതെ പൊലീസുകാരി പോയി.

വീഡിയോ സോഷ്യൽ മീഡിയിയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഭവത്തിനു ശേഷം മകൾ ഭയന്നിരിക്കുകയാണെന്നും രാത്രി മുഴുവൻ ഉറങ്ങാതെ കഴിയുകയായിരുന്നു എന്നും കുട്ടിയെ കള്ളിയെന്ന് വിളിച്ച് അതിക്ഷേപിച്ചുവെന്നും ജയചന്ദ്രൻ പൊലീസ് നൽകിയ പരാതിയിൽ പറയുന്നു.

Advertisement
Advertisement