ഗവർണർ അറിയാതെ കണ്ണൂർ വാഴ്സിറ്റിക്ക് പുതിയ ബോർഡ് ഒഫ് സ്​റ്റഡീസ് ; സ്ഥാനം ലഭിച്ചവരിൽ യു.ജി.സി യോഗ്യത ഇല്ലാത്തവർ

Sunday 29 August 2021 12:43 AM IST

തിരുവനന്തപുരം: ചാൻസലറായ ഗവർണർ അറിയാതെ ബോർഡ് ഒഫ് സ്റ്റഡീസുകൾ സ്വന്തംനിലയിൽ പുനഃസംഘടിപ്പിച്ച് കണ്ണൂർ സർവകലാശാലയുടെ വിവാദ നടപടി.

വിവിധ കോഴ്സുകളുടെ സിലബസുകളും പാഠപുസ്തകങ്ങളും തയ്യാറാക്കുക, ചോദ്യപേപ്പർ തയ്യാറാക്കേണ്ടവരുടെ പാനൽ അംഗീകരിക്കുക തുടങ്ങിയ ചുമതലകളുള്ള ബോർഡിൽ സർക്കാർ, എയ്ഡഡ് കോളേജുകളിലെ മുതിർന്ന അദ്ധ്യാപകരെ ഒഴിവാക്കി യു.ജി.സി യോഗ്യതകളില്ലാത്ത സ്വാശ്രയ കോളേജ് അദ്ധ്യാപകരെയും കരാർ അദ്ധ്യാപകരെയും കുടിയിരുത്തി.

വിവിധ വിഷയങ്ങൾക്കുള്ള 72 ബോർഡുകൾ പുനഃസംഘടിപ്പിച്ച് രജിസ്ട്രാറാണ് ഉത്തരവിറക്കിയത്. രണ്ടു വർഷമാണ് കാലാവധി.

നിയമ പ്രകാരം ബോർഡുകളുടെ ചെയർമാനെയും അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം ഗവർണർക്ക് മാത്രമാണ്.സർവകലാശാല നിലവിൽ വന്ന 1996 മുതൽ ആ രീതി തുടരുകയായിരുന്നു.ഇക്കുറി, വി.സി നിയോഗിച്ച സിൻഡിക്കേ​റ്റിന്റെ മൂന്നംഗ സമിതിയാണ് പേരുകൾ നിർദ്ദേശിച്ചത്. സ്വകാര്യ ട്യൂഷന്റെ പേരിൽ ശിക്ഷാ നടപടിക്ക് വിധേയനായ സിൻഡിക്കേ​റ്റ് അംഗവും ഈ ഉപസമിതിയിൽ അംഗമാണ്. പുതിയ ബോർഡ് ഒഫ് സ്റ്റഡീസിലും ഇദ്ദേഹത്തിന് സ്ഥാനമുണ്ട്.

പുതുതായി നിയമിച്ച പല അംഗങ്ങളുടെയും ബയോഡേ​റ്റ ഗവർണർ പരിശോധിച്ചാൽ നാമനിർദേശം ചെയ്യാനിടയില്ലാത്തതിനാലാണ് ഇല്ലാത്ത അധികാരം വാഴ്സിറ്റി പ്രയോഗിച്ചത്. യൂണിവേഴ്സി​റ്റി ചട്ടങ്ങൾ അവഗണിച്ചുള്ള പുനഃസംഘടന റദ്ദാക്കണമെന്നും രജിസ്ട്രാറെയും ഉപസമിതിയംഗങ്ങളെയും മാറ്റിനിറുത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സി​റ്റി കാമ്പെയിൻ കമ്മി​റ്റി ഗവർണർക്ക് നിവേദനം നൽകി. യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി ബോർഡ് ഒഫ് സ്റ്റഡീസ് പുതുക്കണമെന്ന് ആവശ്യപ്പെട്ടതായി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം.ഷാജർഖാനും അറിയിച്ചു.

Advertisement
Advertisement