പ്രതിപക്ഷത്തിന്റെ വിമർശനത്തിനു പിന്നിൽ സങ്കുചിത രാഷ്ട്രീയ ലക്ഷ്യം

Saturday 28 August 2021 11:26 PM IST

## സർക്കാർ വേറെ ഉദ്യോഗസ്ഥർ വേറെ എന്ന വേർതിരിവുണ്ടാക്കാനും ശ്രമം

തിരുവനന്തപുരം: സർക്കാരിന്റെ കൊവിഡ് പ്രതിരോധം പാളിയെന്നും പ്രതിരോധ സംവിധാനം ഉദ്യോഗസ്ഥർ ഹൈജാക് ചെയ്തെന്നുമുള്ള പ്രതിപക്ഷ ആരോപണം സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുള്ള പ്രസ്താവനകൾ മാത്രമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇകഴ്‌ത്തിക്കാട്ടുകയാണ് ലക്ഷ്യം. സർക്കാർ വേറെ ഉദ്യോഗസ്ഥർ വേറെ എന്ന വേർതിരിവുണ്ടാക്കാനും ശ്രമിക്കുന്നു. ഇത്തരം കാര്യങ്ങളിൽ കഴിയാവുന്നത്ര എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോവാനാണ് സർക്കാർ ശ്രമിക്കുന്നത്.

മഹാമാരിയുടെ കാലത്ത് ആരെയെങ്കിലും അകറ്റാനല്ല, മറിച്ച് എല്ലാവരെയും ഒന്നിപ്പിക്കാനും ഒരുമിപ്പിക്കാനും ഉതകുന്ന വാക്കുകളാണ് പ്രതിപക്ഷത്തിൽ നിന്ന് നാട് പ്രതീക്ഷിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസം ഉണ്ടാകേണ്ടതില്ല. പ്രതിരോധം സംബന്ധിച്ച കാര്യങ്ങൾ ഉദ്യോഗസ്ഥരും അല്ലാത്തവരും ഒരുപോലെ പങ്കുവയ്ക്കുന്നു. മുൻനിര പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കുമൊപ്പം തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വോളണ്ടിയർമാരും മറ്റൊന്നും ആഗ്രഹിക്കാതെയും വലിപ്പച്ചെറുപ്പമില്ലാതെയും ഒന്നേമുക്കാൽ വർഷമായി പ്രതിരോധ പ്രവർത്തനം നടത്തുന്നു. ഇനിയും ഈ കൂട്ടായ്മ തുടരുകയെന്നതാണ് പ്രധാനം. ജനങ്ങളുടെ ജീവനും ജീവനോപാധിയും രക്ഷിക്കുന്നതിൽ പ്രതിപക്ഷത്തിനും വലിയ പങ്ക് വഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement