9 ലക്ഷം പേർക്ക് വാക്‌സിൻ എടുക്കുന്നതിൽ വിമുഖത: മുഖ്യമന്ത്രി

Saturday 28 August 2021 11:34 PM IST

തിരുവനന്തപുരം: 60 വയസിനു മുകളിലുള്ളവരും അനുബന്ധരോഗമുള്ളവരും ഉൾപ്പെടെ ഏകദേശം 9 ലക്ഷം പേർ വാക്‌സിൻ സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇവർക്ക് എത്രയും പെട്ടെന്ന് വാക്‌സിൻ നൽകാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വിമുഖത തുടരുന്നത് ഗൗരവതരമാണ്. ഇവരുടെ പട്ടിക തയ്യാറാക്കി ബന്ധുക്കളും സുഹൃത്തുക്കളും മുഖേന സമ്മർദ്ദം ചെലുത്തും.

വാക്‌സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ഭയമുള്ളവരുമുണ്ട്. വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങളാണ് ആശങ്കക്ക് കാരണം.

യഥാർത്ഥത്തിൽ ചെറുപ്പക്കാരിലേക്കാൾ കുറഞ്ഞ പാർശ്വഫലങ്ങളാണ് പ്രായമായവരിൽ കാണുന്നത്. മികച്ച രോഗപ്രതിരോധവും പ്രായമായവർക്ക് ലഭിക്കും. മരണമടയുന്നവരിൽ ബഹുഭൂരിഭാഗവും വാക്‌സിൻ എടുക്കാത്തവരാണ്. വാക്‌സിൻ എടുത്തിട്ടും മരണമടഞ്ഞവർ രണ്ടോ അതിലധികമോ അനുബന്ധ രോഗങ്ങളുള്ളവരാണ്. അതിൽ നിന്ന് രോഗ പ്രതിരോധത്തിനുള്ള മികച്ച മാർഗ്ഗം വാക്‌സിനാണെന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement