പ്രതിരോധത്തിൽ പാളിച്ചയില്ലെന്ന് മുഖ്യമന്ത്രി

Saturday 28 August 2021 11:35 PM IST

തിരുവനന്തപുരം :കൊവിഡ് പ്രതിരോധത്തിൽ പാളിച്ചയുണ്ടെന്ന വിമർശനങ്ങൾക്ക് വിദഗ്ദ്ധരെ ഉദ്ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ആരോഗ്യവിദഗ്ദ്ധനും എപ്പിഡെമിയോളജിസ്റ്റുമായ ഡോ. ജയപ്രകാശ് മുളിയിലും വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ വൈറോളജിസ്റ്റ് ഡോ. ഡോ.ഗഗൻ ദീപ് കാങ്ങും കേരളത്തിന്റെ കൊവിഡ് പ്രവർത്തനങ്ങളെ പ്രശംസിച്ചത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

യാഥാർത്ഥ്യത്തോട് ഏറ്റവും അടുത്ത കൊവിഡ് കണക്കുകൾ കേരളത്തിന്റേതാണെന്ന് ഡോ.ഗഗൻ ദീപും മരണനിരക്ക് കുറയ്‌ക്കാൻ കേരളത്തിനായെന്ന് ഡോ. ജയപ്രകാശ് മുളിയിലും പറഞ്ഞിട്ടുണ്ട്. കേരളമാണ് രാജ്യത്ത് മരണ നിരക്ക് കുറച്ചു നിർത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു - 0.51 ശതമാനം. 1.34 ശതമാനമാണ് ദേശീയ ശരാശരി. അതായത് കേരളത്തിലേതിന്റെ ഏകദേശം മൂന്നിരട്ടി. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയും, ഗ്രാമ നഗര വ്യത്യാസം ഏറ്റവും കുറവും, വൃദ്ധരുടെ ശതമാനം കൂടുതലും, കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഏറ്റവും കൂടുതലും കേരളത്തിലാണ്. ഇതെല്ലാം മരണ നിരക്ക് ഏറ്റവും കൂടുതലാകാൻ കാരണങ്ങളാകേണ്ടതാണ്. എന്നിട്ടും മരണ നിരക്ക് കുറയ്‌ക്കാൻ സാധിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളുടേയും ചികിത്സാ സംവിധാനങ്ങളുടേയും മികവാണ്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതു മുതൽ രോഗവ്യാപനം ഓണക്കാലത്തെ തുടർന്ന് കൂടിയിട്ടുണ്ട്. ഇത് മുൻകൂട്ടി കണ്ട് ചികിത്സാസൗകര്യങ്ങൾ ശക്തമാക്കി. മൂന്നാം തരംഗത്തെ നേരിടാൻ സജ്ജമാവുക, കൊവിഡ് മരണങ്ങൾ തടയുക, വാക്‌സിനേഷൻ അതിവേഗം പൂർത്തിയാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മുന്നിലുള്ളത് - മുഖ്യമന്ത്രി വിശദീകരിച്ചു.

Advertisement
Advertisement