റിലയൻസ് കരാർ: സ്‌റ്റേ നീക്കാൻ ഹർജിയുമായി ഫ്യൂച്ചർ റീട്ടെയിൽ

Sunday 29 August 2021 3:43 AM IST

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്‌ട്രീസിന് കീഴിലെ റിലയൻസ് റീട്ടെയിലിന് ഓഹരികൾ കൈമാറാനുള്ള കരാർ തടഞ്ഞ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്യൂച്ചർ റീട്ടെയിൽ സുപ്രീം കോടതിയെ സമീപിച്ചു. കരാർ യാഥാർത്ഥ്യമായില്ലെങ്കിൽ ഫ്യൂച്ചറിന്റെ ഭാവി തുലാസിലാകുമെന്നും 35,575 പേരുടെ ജോലി പോകുമെന്നും 28,000 കോടി രൂപയുടെ ബാങ്ക് വായ്‌പകളും കടപ്പത്രങ്ങളും കിട്ടാക്കടമാകുമെന്നും ഫ്യൂച്ചറിന്റെ 6,000ലേറെ പേജുള്ള ഹർജിയിൽ പറയുന്നു.

ഫ്യൂച്ചർ റീട്ടെയിലിൽ ഓഹരി പങ്കാളത്തിമുള്ള ഫ്യൂച്ചർ കൂപ്പൺസിൽ ആമസോണിന് 49 ശതമാനം ഓഹരികളുണ്ട്. ഈ കരാർ പ്രകാരം റിലയൻസ് അടക്കമുള്ള ഏതാനും കമ്പനികൾക്ക് ഫ്യൂച്ചറിന്റെ ഓഹരികൾ കൈമാറരുതെന്ന് നിബന്ധനയുണ്ടായിരുന്നു. ഇതു ലംഘിച്ചാണ് റിലയൻസുമായി ഫ്യൂച്ചർ കരാറിലെത്തിയതെന്ന് കാട്ടി ആമസോൺ സിംഗപ്പൂരിലെ ആർബിട്രേറ്ററെ സമീപിച്ചിരുന്നു. റിലയൻസുമായുള്ള കരാർ ആർബിട്രേറ്റർ തടഞ്ഞു. ഇതാണ് കഴിഞ്ഞമാസം സുപ്രീംകോടതി ശരിവച്ചത്.

ബിഗ്ബസാർ ഹൈപ്പർമാർക്കറ്റ് അടക്കം ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഹോൾസെയിൽ,​ റീട്ടെയിൽ,​ വെയർഹൗസ്,​ ലോജിസ്റ്റിക്സ് ആസ്തികൾ ഫ്യൂച്ചർ എന്റർപ്രൈസസ് എന്ന ഒറ്റ കമ്പനിയാക്കി റിലയൻസ് റീട്ടെയിലിന് കൈമാറാനായിരുന്നു പദ്ധതി. 24,​713 കോടി രൂപയുടെ കരാറായിരുന്നു ഇത്.

Advertisement
Advertisement