സി.പി.എമ്മിലെ വിഭാഗീയത; കമ്മിഷൻ റിപ്പോർട്ട് ഉടൻ

Monday 30 August 2021 12:10 AM IST

പൊന്നാനി: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ നടന്ന പ്രതിഷേധ പ്രകടനത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന്റെ അന്വേഷണം കീഴ്ഘടകങ്ങളിലേക്ക്. വെള്ളിയാഴ്ച്ച പൊന്നാനിയിൽ നടന്ന കമ്മിഷന്റെ തെളിവെടുപ്പിൽ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തി വിവരങ്ങൾ തേടി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.കെ.സൈനബ, ജില്ലാ കമ്മിറ്റിയംഗം എ.പി.അനിൽ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടി തീരുമാനം വരുന്നതിന് മുമ്പും ശേഷവും സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് പോസ്റ്റുകളെ കുറിച്ചാണ് കമ്മിഷൻ പ്രധാനമായും ചോദിച്ചറിഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രിന്റുകൾ സഹിതമാണ് കമ്മിഷൻ അംഗങ്ങൾ എത്തിയത്. പ്രതിഷേധ സമയത്ത് സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ച പാർട്ടി ഭാരവാഹികളുടെ രാജിക്കത്തിന്റെ പകർപ്പും കമ്മിഷൻ അംഗങ്ങൾ വിവരങ്ങൾ ആരായാൻ വിളിപ്പിച്ചവർക്ക് മുന്നിൽ നിരത്തി. സ്ഥാനാർത്ഥി നിർണ്ണയ തീരുമാനം വരുന്നതിനു മുൻപുള്ള ഇത്തരം നവ മാദ്ധ്യമ പോസ്റ്റുകൾ പാർട്ടിക്ക് ഗുണകരമായിരുന്നോ എന്ന ചോദ്യവും കമ്മിഷൻ അംഗങ്ങൾ ഉന്നയിച്ചു. അഞ്ച് മുതൽ 19 ചോദ്യങ്ങൾ വരെ കമ്മിഷനു മുന്നിൽ ഹാജരായവർക്ക് നേരിടേണ്ടി വന്നു.

നേരത്തെ മണ്ഡലം കമ്മിറ്റി അംഗങ്ങളിൽ നിന്നും ലോക്കൽ കമ്മിറ്റി അംഗങ്ങളിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക്കൽ കമ്മിറ്റികളിലും ബ്രാഞ്ച് കമ്മിറ്റികളിലും പെട്ടവരെ വിളിച്ചു വരുത്തിയത്. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ വിളിപ്പിക്കാൻ സാദ്ധ്യതയുണ്ട്. അടുത്ത മാസം 15 മുതൽ പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ അടുത്ത ദിവസം തന്നെ കമ്മിഷൻ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കും.

അന്വേഷിക്കുന്നത് വിഭാഗീയതയോ

പൊന്നാനിയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളിൽ സി.പി.എമ്മിനുളളിൽ വിഭാഗീയതുണ്ടായെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം അന്വേഷണം ആരംഭിച്ചത്. ടി.എം. സിദ്ദീഖിനെ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെട്ടു നടന്ന പ്രതിഷേധങ്ങളും തുടർന്നുണ്ടായ സംഭവങ്ങളുമാണ് അന്വേഷിക്കുന്നത്. എരിയ കമ്മിറ്റി അംഗങ്ങളിൽ തുടങ്ങി ബ്രാഞ്ചിലെ അംഗങ്ങളിലേക്ക് വരെ അന്വേഷണം വ്യാപിപ്പിച്ചത് പൊന്നാനിയിലെ പ്രതിഷേധത്തെ പാർട്ടി ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നതാണ്. കീഴ്ഘടകങ്ങൾക്കുള്ള പാർട്ടി റിപ്പോർട്ടിംഗിൽ പൊന്നാനിയിലെ പ്രതിഷേധം വ്യക്തമായി പരാമർശിക്കുന്നു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതായിരുന്നു പ്രതിഷേധമെന്ന വിലയിരുത്തലാണ് സംസ്ഥാന കമ്മിറ്റി നടത്തിയത്. സംസ്ഥാന, ജില്ല നേതാക്കൾക്കുൾപ്പെടെ പൊന്നാനിയിൽ ക്യാമ്പ് ചെയ്യേണ്ടി വന്നത് ജില്ലയിലെ മറ്റു പല സീറ്റുകളും പിടിച്ചെടുക്കാനാകാത്ത സാഹചര്യമുണ്ടാക്കിയെന്ന വിലയിരുത്തലും റിപ്പോർട്ടിംഗിലുണ്ട്.

Advertisement
Advertisement