മിഡിൽ ഈസ്‌റ്റിലെ ആദ്യ മെഗാ മാർക്കറ്റ് ഒരുക്കാൻ ലുലു

Monday 30 August 2021 3:57 AM IST

ദുബായ്: മിഡിൽ ഈസ്‌റ്റിലെ ആദ്യ മെഗാ മാർക്കറ്റ് ഒരുക്കാൻ ലുലു ഗ്രൂപ്പ്, ദുബായ് ഔട്ട്‌ലെറ്റ് മാളുമായി കൈകോർക്കുന്നു. മൊത്തവില നിലവാരം ഉപഭോക്താക്കൾക്ക് ഉറപ്പാക്കാനും വിലപേശൽ അടക്കമുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും കഴിയുന്നതാണ് മെഗാ മാർക്കറ്റ്. ഗൾഫ് മേഖലയിലെ റീട്ടെയിൽ ഷോപ്പിംഗിന്റെ ചരിത്രം തന്നെ മെഗാ മാർക്കറ്റ് മാറ്റിയെഴുതുമെന്നാണ് കരുതപ്പെടുന്നത്.

ഉന്നതമൂല്യമുള്ള വിഭവങ്ങൾക്കും കുറഞ്ഞവില ഉറപ്പാക്കുകയും വൈവിദ്ധ്യമാർന്ന ഉത്‌പന്നങ്ങളുടെ വിശാലമായ ശ്രേണി അവതരിപ്പിക്കുകയുമാണ് മെഗാ മാർക്കറ്റിലൂടെ ലുലു ലക്ഷ്യമിടുന്നത്. നിലവിലെ ദുബായ് ഔട്ട്‌ലെറ്റ് മാളിന് അനുബന്ധമായി 35 ലക്ഷം ചതുരശ്ര അടിയിലാണ് മെഗാ മാർക്കറ്റ് ഒരുക്കുക. ഇതോടെ, ലോകത്തെ ഏറ്റവും വലിയ ഔട്ട്‌ലെറ്റ് മാൾ ഉള്ള നഗരമായി ദുബായ് മാറും. 12 ലക്ഷത്തിലേറെ താമസക്കാർക്കും സന്ദർശകർക്കും 365 ദിവസവും ഇവിടെ ബാർഗെയിൻ മേളകൾക്ക് അവസരം ലഭിക്കും.

സിനിമാ തിയേറ്റർ, കമ്മ്യൂണിറ്റി ഇവന്റ് സ്‌പേസ്, സംഗീതപരിപാടികൾക്കുള്ള വിനോദ കേന്ദ്രങ്ങൾ എന്നിവയും ഇവിടെയുണ്ടാകും. കാഷ് ആൻഡ് ക്യാരി സമ്പ്രദായത്തിലൂടെ വിലപേശൽ വിപ്ളവത്തിന് ഫാഷൻ-ലൈഫ്‌സ്‌റ്റൈൽ മേഖലയിൽ മെഗാ മാർക്കറ്റ് പുതിയ മുതൽക്കൂട്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.

Advertisement
Advertisement