വിദേശ നാണയ ശേഖരം വീണ്ടും താഴേക്ക്

Monday 30 August 2021 12:00 AM IST

മുംബയ്: തുടർച്ചയായ രണ്ടാംവാരവും ഇന്ത്യയുടെ വിദേശ നാണയ ശേഖരം കുറഞ്ഞു. ആഗസ്‌റ്റ് 20ന് സമാപിച്ച ആഴ്‌ചയിൽ 247 കോടി ഡോളർ കുറഞ്ഞ് ശേഖരം 61,690 കോടി ഡോളറിൽ എത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്‌ചയിലും ശേഖരത്തിൽ ഇടിവുണ്ടായിരുന്നു.

ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയും ശേഖരത്തിലുണ്ട്. ഇവയുടെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസമാണ് പ്രധാനമായും വിദേശ നാണയ ശേഖരത്തിൽ ഏറ്റക്കുറച്ചിലുകൾ സൃഷ്‌ടിക്കുന്നത്. കഴിഞ്ഞവാരം വിദേശ കറൻസി ആസ്‌തി (എഫ്.സി.എ) 336.5 കോടി ഡോളർ താഴ്‌ന്ന് 57,300.9 കോടി ഡോളറിലെത്തിയത് തിരിച്ചടിയായി.

കരുതൽ സ്വർണ ശേഖരം 91.3 കോടി ഡോളർ വർദ്ധിച്ച് 3,724.9 കോടി ഡോളറായിട്ടുണ്ട്. ആഗസ്‌റ്റ് ആറിന് കുറിച്ച 62,146.4 കോടി ഡോളറാണ് ഇന്ത്യൻ വിദേശ നാണയ ശേഖരത്തിന്റെ സർവകാല റെക്കാഡ്.

Advertisement
Advertisement