ബി.പി.സി.എല്ലിനെ വാങ്ങാൻ 'വിദേശികളും' വന്നേക്കും

Monday 30 August 2021 12:00 AM IST

ന്യൂഡൽഹി: പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ബി.പി.സി.എല്ലിന്റെ ഓഹരികൾ സ്വന്തമാക്കാൻ വിദേശ കമ്പനികളും വന്നേക്കും. ശതകോടീശ്വരൻ അനിൽ അഗർവാളിന്റെ വേദാന്ത, അമേരിക്കൻ നിക്ഷേപ ഫണ്ടുകളായ അപ്പോളോ ഗ്ളോബൽ മാനേജ്‌മെന്റ്, ഐ സ്‌ക്വയേഡ് കാപ്പിറ്റൽ എന്നിവയാണ് നിലവിൽ ബി.പി.സി.എൽ ഓഹരി വാങ്ങാനുള്ള താത്പര്യപത്രം സമർപ്പിച്ചിട്ടുള്ളത്.

ഓഹരി വാങ്ങാൻ ഇനിയും താത്പര്യമുള്ളവർക്ക്, ഈ കമ്പനികളുമായി ചേർന്ന് കൺസോർഷ്യം സ്ഥാപിക്കാം. നേരിട്ട് താത്പര്യപത്രം സമർപ്പിക്കാനാവില്ല. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസ്, ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്, ആഗോള എണ്ണക്കമ്പനികളായ ബി.പി (ബ്രിട്ടീഷ് പെട്രോളിയം), റോയൽ ഡച്ച് ഷെൽ, എക്‌സോൺ, സൗദി ആരാംകോ, റഷ്യയുടെ റോസ്‌നെഫ്‌റ്റ്, ശതകോടീശ്വരൻ ലക്ഷ്‌മി മിത്തൽ എന്നിവർ ബി.പി.സി.എല്ലിനായി രംഗത്തുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും താത്പര്യപത്രം സമർപ്പിച്ചിരുന്നില്ല.

ഇതിനകം താത്പര്യപത്രം സമർപ്പിച്ച കമ്പനികളുമായി ചേർന്ന് കൺസോർഷ്യം സ്ഥാപിച്ച് ഇവർക്കും ബി.പി.സി.എൽ ഓഹരികൾ സ്വന്തമാക്കാൻ കഴിയും. ബി.പി.സി.എൽ ഓഹരി വില്പനയ്ക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനായി പൊതുമേഖലാ പെട്രോളിയം റിഫൈനിംഗ് മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി (എഫ്.ഡി.ഐ) നിലവിലെ 49 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്തണമെന്ന വാണിജ്യ മന്ത്രാലയത്തിന്റെ ശുപാർശ കേന്ദ്ര കാബിനറ്റ് അംഗീകരിച്ചിരുന്നു.

₹1.75 ലക്ഷം കോടി

നടപ്പുവർഷം (2021-22) പൊതുമേഖലാ ഓഹരി വില്പനയിലൂടെ 1.75 ലക്ഷം കോടി രൂപയാണ് കേന്ദ്രം ഉന്നമിടുന്നത്. ഇതിന്റെ ഭാഗമാണ് ബി.പി.സി.എൽ വില്പന.

₹1.02 ലക്ഷം കോടി

നിലവിൽ 1.02 ലക്ഷം കോടി രൂപയാണ് (ഓഹരിവില 466 രൂപ പ്രകാരം) ബി.പി.സി.എല്ലിന്റെ മൂല്യം. ബി.പി.സി.എല്ലിൽ സർക്കാരിനുള്ള 52.98 ശതമാനം ഓഹരികളാണ് വിറ്റൊഴിയുന്നത്. ഇപ്പോൾ വില്പന നടന്നാൽ സർക്കാരിന് 53,000 കോടി രൂപ ലഭിക്കും.

₹25,000 കോടി

സർക്കാർ ഓഹരികൾ ഏറ്റെടുക്കുന്ന നിക്ഷേപകർ ഓപ്പൺ ഓഫറിലൂടെ പൊതു നിക്ഷേപകരിൽ നിന്ന് 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിന് 25,000 കോടി രൂപയ്ക്കുമേൽ വരും.

4 റിഫൈനറികൾ

മുംബയ്, കൊച്ചി, ബിന (മദ്ധ്യപ്രദേശ്), നുമാലിഗഢ് (അസാം) എന്നിവിടങ്ങളിലായി നാല് റിഫൈനറികളാണ് ബി.പി.സി.എല്ലിനുള്ളത്. ഇതിൽ നുമാലിഗഢ് ഒഴികെയുള്ളവയാണ് വിറ്രൊഴിയുന്നത്. കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം 38.3 മില്യൺ ടണ്ണാണ് ബി.പി.സി.എൽ റിഫൈനറികളുടെ മൊത്തം ശേഷി. 18,768 പെട്രോൾ പമ്പുകളുണ്ട്. എൽ.പി.ജി ബോട്ടിലിംഗ് പ്ളാന്റുകൾ 51. എൽ.പി.ജി ഡിസ്‌ട്രിബ്യൂട്ടർ എജൻസികൾ 6,169.

15.33%

ബി.പി.സി.എല്ലിനെ സ്വന്തമാക്കുന്ന കമ്പനിക്ക് ഇന്ത്യയുടെ ഇന്ത്യയുടെ എണ്ണ റിഫൈനിംഗ് രംഗത്ത് 15.33 ശതമാനവും എണ്ണ വിതരണ രംഗത്ത് 22 ശതമാനവും പങ്കാളിത്തമാണ് ലഭിക്കുക.

Advertisement
Advertisement