വ​ഴി​യോ​ര​ ​ക​ച്ച​വ​ട​ത്തി​ന് ​മൂക്കുകയറിട്ട് ഭ​ക്ഷ്യ​വ​കു​പ്പ്

Monday 30 August 2021 12:10 AM IST

കോലഞ്ചേരി: കൊവിഡ് കാലത്തെ വഴിയോര കച്ചവടത്തിന് മൂക്കുകയറിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നെന്ന പരാതിയെ തുടർന്നാണ് നടപടി. ഇല്ലായ്മയുടെ മറവിൽ വൻതട്ടിപ്പിനാണ് ഇത്തരം വില്പനയ്ക്ക് പിന്നിലെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ. ഇതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ വ്യാപകമാക്കി.

2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്​റ്റാൻഡേർഡ്‌സ് ആക്ട് പ്രകാരം വഴിയോരങ്ങളിലും വാഹനങ്ങളിലും തട്ടുകടകളിലും ഭക്ഷണം വിൽക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷൻ നിർബന്ധമാണ്. 12 ലക്ഷം രൂപയിൽ താഴെ വി​റ്റുവരവുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ ലൈസൻസിനു പകരമായി രജിസ്‌ട്രേഷൻ എടുക്കണം.

നിർദ്ദേശങ്ങൾ

ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർ നിയമപ്രകാരം മെഡിക്കൽ സർട്ടിഫിക്ക​റ്റ് കൈവശം വയ്ക്കണം.

വെള്ളം ഉപയോഗിച്ച് ഭക്ഷണം ഉത്പാദിപ്പിച്ചു വിൽക്കുന്നവർ പരിശോധനാ റിപ്പോർട്ട് കരുതണം.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം വില്പന. മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ ഉറപ്പുവരുത്തണം.

പൊടിപടലങ്ങൾ, പ്രാണികൾ എന്നിവ ഭക്ഷണത്തിൽ കലരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം.

ഗ്ലൗസ്, ഹെഡ് ഗിയർ, ഏപ്രൺ എന്നിവ ധരിച്ചു വേണം വില്പന നടത്തേണ്ടത്.

വാഹനങ്ങൾ, തട്ടുകട എന്നിവ ശുചിയായി സൂക്ഷിക്കണം.

പിഴയുണ്ട്, ലക്ഷങ്ങൾ

രജിസ്‌ട്രേഷൻ ഇല്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതിന് 5 ലക്ഷം രൂപ പിഴയും 6 മാസം തടവുമാണ് ശിക്ഷ.

വൃത്തിഹഹീനമായ രീതിയിൽ ഭക്ഷണം വില്പന നടത്തിയാൽ ഷെഡ്യൂൾ 4 പ്രകാരം ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കുന്ന കു​റ്റമാണ്.

അളവും തൂക്കവും കൃത്യമാകണം

വഴിയോരങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന ചിപ്‌സ്, ബിരിയാണി, അണ്ടിപ്പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ, മീൻ എന്നിവയാണ്. ഇവ പാക്കറ്റുകളിലാക്കി വിൽക്കുമ്പോൾ കൃത്യമായ ലേബൽ വിവരങ്ങൾ ഉണ്ടായിരിക്കണം. ഭക്ഷ്യ വസ്തുവിന്റെ പേര്, തൂക്കം, വില, പാക്ക​റ്റിനുള്ളിലെ ഘടകങ്ങൾ, പോഷക മൂല്യങ്ങൾ, ഉത്പാദന തിയ്യതി, ഉപയോഗിക്കാവുന്ന കാലവധി, വെജ് നോൺ വെജ് ലോഗോ, ഫുഡ് സേഫ്റ്റി ലൈസൻസ്, രജിസ്‌ട്രേഷൻ നമ്പർ, ഉത്പാദകന്റെ കൃത്യമായ മേൽവിലാസം എന്നിവ ലേബലിൽ രേഖപ്പെടുത്തിയിരിക്കണം. ഇല്ലെങ്കിൽ 3 ലക്ഷം രൂപയാണ് പിഴ

പരാതി അറിയിക്കാം

വഴിയോരങ്ങളിൽ നിന്നു ഭക്ഷ്യ വസ്തുക്കൾ വാങ്ങുന്നവർ അതു ശുചിയായും ഗുണനിലവാരത്തോടെ ഉത്പാദിപ്പിച്ചതാണെന്നു ഉറപ്പാക്കി വാങ്ങണമെന്നാണ് ഭക്ഷ്യ വകുപ്പിന്റെ നിർദ്ദേശം.

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പരാതികൾക്ക് 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.

Advertisement
Advertisement