വിദേശ വിമാന സർവീസുകൾ പുനരാരംഭിച്ചു,​ നെടുമ്പാശേരിയിൽ യാത്രക്കാരുടെ തിരക്ക്

Monday 30 August 2021 12:33 AM IST

നെടുമ്പാശേരി: കൊവിഡ് വ്യാപനത്തെ തുടർന്ന് നിശ്ചലമായിരുന്ന വിദേശ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ തിരക്കേറി. ഇന്നലെ കൊച്ചിയിൽ നിന്ന് അന്താരാഷ്ട്ര - ആഭ്യന്തര യാത്രക്കാരായി 6,089 പേരുണ്ടായിരുന്നു. ഇതിൽ വിദേശത്തേക്ക് പോയത് 4,131 പേർ. സൗദി എയർലൈൻസിന്റെ വിമാനത്തിൽ 395 പേരാണ് പറന്നത്. ദോഹയിലേക്ക് അഞ്ച് വിമാനങ്ങളും ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്ക് നാല് വിമാനങ്ങളും ലണ്ടനിലേക്ക് ഒരു വിമാനവും സർവീസ് നടത്തി. സെപ്തംബർ രണ്ടുമുതൽ ഇൻഡിഗോ എയർലൈൻസ് കൊച്ചിയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് സർവീസ് പ്രഖ്യാപിച്ചു. സൗദി എയർലൈൻസ് ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ ഗൾഫിലേക്ക് സർവീസ് നടത്തും.

നിരക്ക് കുത്തനെ കൂട്ടി

വിമാനക്കമ്പനികൾ

യാത്രക്കാരുടെ തിരക്കേറിയതോടെ വിദേശത്തേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ വർദ്ധിപ്പിച്ചു. സാധാരണ കൊച്ചി - ദോഹ യാത്രയ്ക്ക് 9,000 മുതൽ 14,000 രൂപ വരെയാണ് നിരക്ക്. ഇത് 28,000 മുതൽ 45,000 രൂപാ വരെയാണ് കൂട്ടിയത്. കഴിഞ്ഞ 24ന് ദോഹയിലേക്കുള്ള യാത്രയ്ക്ക് ഇൻഡിഗോ എയർലൈൻസ് 28,200 രൂപയും എയർ ഇന്ത്യ 30,000 രൂപയുമാണ് ഈടാക്കിയത്.

''

കൂടുതൽ വിമാനക്കമ്പനികൾ കൊച്ചിയിൽ നിന്ന് ഗൾഫിലേക്ക് സർവീസ് ആരംഭിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. ചർച്ചകൾ പുരോഗമിക്കുകയാണ്.

- എസ്. സുഹാസ്, സിയാൽ മാനേജിംഗ് ഡയറക്ടർ

Advertisement
Advertisement