കൊവിഡിന് ഹോമിയോപ്പതി : നാലാഴ്ചയ്ക്കകം തീരുമാനിക്കണം

Monday 30 August 2021 8:26 PM IST

കൊച്ചി: കേരളത്തിൽ കൊവിഡ് രോഗികളെ ചികിത്സിക്കാൻ സർക്കാർ ഹോമിയോ മെഡിക്കൽ കോളേജുകൾക്കും ആശുപത്രികൾക്കും അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്‌സ് കേരള നൽകിയ ഹർജിയിൽ സർക്കാർ നാലാഴ്‌ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

കൊവിഡ് ചികിത്സയ്ക്ക് ഹോമിയോ ഡോക്ടർമാരെ അനുവദിക്കാമെന്ന് ആയുഷ് മന്ത്രാലയത്തിന്റെ സർക്കുലർ നിലവിലുണ്ട്. കേരളത്തിൽ കൊവിഡ് രോഗികളെ ചികിത്സിക്കാൻ ഹോമിയോ ഡോക്ടർമാരെ അനുവദിക്കാത്തത് നിയമവിരുദ്ധമാണ്. തമിഴ്നാട്ടിൽ ഇതിന് അനുമതിയുണ്ട്. അനുമതി തേടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും മേയ് 21ന് നൽകിയ നിവേദനം ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് കൈമാറിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിക്കാർ വ്യക്തമാക്കി. തുടർന്നാണ് നാലാഴ്‌ചയ്‌ക്കകം തീരുമാനിക്കാൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്.

Advertisement
Advertisement