ഇനി വീതം വയ്പില്ല: കെ. മുരളീധരൻ

Tuesday 31 August 2021 1:56 AM IST

കോഴിക്കോട്: കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്നിരിക്കെ, പഴയപടി വീതം വയ്ക്കൽ ഇനിയുണ്ടാവില്ലെന്ന് കെ. മുരളീധരൻ എം.പി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്ഥാനവും പദവിയുമെല്ലാം മെരിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നത് നേതൃത്വം പരിഗണിക്കും. പക്ഷേ, ആർക്കും എന്തും വിളിച്ചുപറയാനുള്ള സാഹചര്യമുണ്ടാവില്ല. കാലത്തിന്റെ മാറ്റം ഉൾക്കൊണ്ടില്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനില്പുണ്ടാവില്ല. പാർട്ടിയിലേക്ക് യുവാക്കൾ കടന്നുവരേണ്ടതുണ്ട്. ഉമ്മൻചാണ്ടി നൽകിയ പേരുകൾ കുറിച്ച ഡയറി കെ. സുധാകരൻ ഉയർത്തിക്കാട്ടിയതിൽ തെറ്റൊന്നുമില്ല. ചർച്ച ചെയ്യാതെയാണ് തീരുമാനങ്ങളെടുത്തതെന്ന് പറഞ്ഞപ്പോൾ, അങ്ങനെയല്ലെന്നു കാണിക്കാൻ വേണ്ടിയായിരുന്നു അത്. അങ്ങനെ ചെയ്തത് ആരെയും ചെറുതാക്കാനോ മോശമാക്കി കാണിക്കാനോ അല്ല. അതദ്ദേഹത്തിന്റെ ശൈലിയാണ്. പക്ഷേ, താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു.

എന്തും വിളിച്ചുപറയുന്ന ശൈലി കോൺഗ്രസിന് ബാദ്ധ്യതയാകും. അതുകൊണ്ടാണ് ചില നടപടികളുണ്ടായത്. ഇപ്പോഴത്തെ അപശബ്ദങ്ങൾ തീർത്ത് പാർട്ടിക്ക് മുന്നോട്ടുപോകാൻ കഴിയുമെന്നും മുരളീധരൻ പറഞ്ഞു.

Advertisement
Advertisement