ഇറക്കുമതി കുറഞ്ഞു: ഡ്രൈ​ ​ഫ്രൂ​ട്സ് ​വില കുതിക്കുന്നു

Tuesday 31 August 2021 12:02 AM IST

കോഴിക്കോട്: അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങളും കൊവിഡ് വ്യാപനവും ഇറക്കുമതിയെ ബാധിച്ചതോടെ കേരളത്തിലുൾപ്പെടെ ഡ്രൈ ഫ്രൂട്സ് വില കുതിക്കുന്നു. ബദാം, അത്തിപ്പഴം, കശുവണ്ടി പരിപ്പ്, പിസ്ത, കറുത്ത കിസ്മിസ്, കസ്‌കസ്, വാൾനട്ട്, ആപ്രിക്കോട്ട്, അഫ്ഗാൻ കറുത്ത മുന്തിരി അടക്കമുള്ളവയ്ക്കാണ് വില ഉയർന്നത്. ഡ്രെെ ഫ്രൂട്സിൽ ചിലതിന്റെ ലഭ്യതയും കുറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡ്രൈ ഫ്രൂട്സ് വിപണിയിൽ വൻതോതിലാണ് വിലയിൽ മാറ്റമുണ്ടായത്. അഫ്ഗാനിൽ നിന്നെത്തുന്ന ബദാം, പിസ്ത, അത്തിപ്പഴം, വാൾനട്ട് എന്നിവയുടെ വിലയിലാണ് വൻ വ‌ർദ്ധന. ബദാമിന് പൊള്ളുംവിലയാണ്. രണ്ടുമാസം മുമ്പ് കിലോയ്ക്ക് 680 രൂപയുണ്ടായിരുന്ന ബദാമിന് ഇപ്പോൾ 850 മുതൽ 1000 രൂപ വരെ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഇത് ചില ദിവസങ്ങളിൽ 1400 വരെ ഉയർന്നിട്ടുണ്ട്. പിസ്തയ്ക്ക് 800- 850ൽ നിന്ന് 980ലെത്തി. അത്തിപ്പഴത്തിന് 700ൽ നിന്ന് 1000, 1200 വരെയായി. നേരത്തെ 600-650 രൂപയുണ്ടായിരുന്ന കശുവണ്ടി പരിപ്പ് 750 രൂപയ്ക്കാണ് വിൽക്കുന്നത്. 350 രൂപയുണ്ടായിരുന്ന കറുത്ത കിസ്മിസിന് 400 രൂപയായി. 600 രൂപയ്ക്ക് ലഭിച്ചിരുന്ന അഫ്ഗാൻ മുന്തിരിക്ക് 750-800 രൂപ നൽകണം. ആപ്രിക്കോട്ട് കിലോ 600-650 രൂപയ്ക്കാണ് വിൽപ്പന. ഡ്രെെ ഫ്രൂട്സിന് പുറമെ അജ്നാമോട്ടോ, കറുകപ്പട്ട, കസ്കസ് എന്നിവയ്ക്കും വില ഉയരുകയാണ്. ചിലയിടങ്ങളിൽ കറുകപ്പട്ട കിട്ടാത്തസ്ഥിതിയുമുണ്ട്.

അഫ്ഗാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് ഇന്ത്യ കുറഞ്ഞ താരിഫ് മാത്രം ഈടാക്കിയതിനാൽ താരതമ്യേന വില കുറച്ച് ഉത്പ്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇറക്കുമതി നിലച്ചതാണ് വ്യാപാരികൾക്ക് തിരിച്ചടിയായത്. കഴിഞ്ഞ വർഷം ഇന്ത്യ ഇറക്കുമതി ചെയ്ത അത്തിപ്പഴത്തിന്റെ 90 ശതമാനവും അഫ്ഗാനിൽ നിന്നായിരുന്നു. താജിക്കിസ്ഥാൻ, ഉസ്‌ബൈകിസ്ഥാൻ എന്നിവിടങ്ങളിൽ ഡ്രൈ ഫ്രൂട്സ് ഉത്പ്പാദനം ഉണ്ടെങ്കിലും ഈ രാജ്യങ്ങളുമായി വ്യാപാര കരാർ ഇല്ലാത്തതിനാൽ വിലയിൽ വലിയ മാറ്റമുണ്ടാവാറില്ല. മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ഡ്രൈ ഫ്രൂട്സുകൾക്കും വില ഉയരുകയാണ്. കൊവിഡ് സാഹചര്യത്തിൽ ഇറക്കുമതി കുറഞ്ഞതാണ് മാർക്കറ്റിൽ ആവശ്യക്കാർ കുറഞ്ഞിട്ടും വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു.

'' മുംബയ്, ഡൽഹി എന്നിവിടങ്ങളിൽ സ്റ്റോക്ക് ഉള്ളതിനാൽ ഡ്രെെ ഫ്രൂട്സിന് നിലവിൽ വലിയ കുറവ് അനുഭവപ്പെടുന്നില്ല. എന്നാൽ ഇറക്കുമതി നിലച്ചതോടെ ഇനിയുളള ദിവസങ്ങളിൽ ലഭ്യത കുറവ് രൂക്ഷമായേക്കും. വിലയിലും കാര്യമായ മാറ്റം ഉണ്ടാകും. അഷ്റഫ് - ബിഗ് ബസാർ ഡ്രെെ ഫ്രൂട്സ് , വലിയങ്ങാടി.

@ ഡ്രെെ ഫ്രൂട്സ് വില ( കിലോ) പഴയത്, പുതിയത് എന്ന ക്രമത്തിൽ )

1. ബദാം - 680 , 1400- 1000 രൂപ

2. പിസ്ത- 800- 850 , 980 രൂപ

3. അത്തിപ്പഴം- 700, 1000- 1200 രൂപ

4. കശുവണ്ടി പരിപ്പ്- 600-650 , 750 രൂപ

5. കറുത്ത കിസ്മിസ്- 350, 400 രൂപ

6. അഫ്ഗാൻ മുന്തിരി - 600, 750-80 രൂപ

7. ആപ്രിക്കോട്ട് 350-400, 600-650 രൂപ

Advertisement
Advertisement