യുവതിയെയും വികലാംഗയായ അമ്മയെയും വീട്ടിൽക്കയറി കുത്തി

Tuesday 31 August 2021 12:27 AM IST

നെടുമങ്ങാട്: ലോട്ടറി ടിക്കറ്റ് വില്പന നടത്തുന്ന 20കാരിയെയും വികലാംഗയായ അമ്മയെയും വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി കുത്തിപ്പരിക്കേല്പിച്ച യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. വാണ്ട ഉഴപ്പാക്കോണം പുത്തൻ ബംഗ്ളാവിൽ വാടകയ്ക്ക് താമസിക്കുന്ന ശിവദാസന്റെ ഭാര്യ വത്സല, മകൾ ആര്യ എന്നിവരാണ് ആക്രമണത്തിനിരയായത്. ഇവരെ വലിയമല പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പതോളം കുത്തേറ്റ ആര്യയുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

ആക്രമണത്തിനിടയിൽ കൈവിരലിന് പരിക്കേറ്റ പ്രതി പേയാട് സ്വദേശി അരുണിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തത് ആശുപതിയിൽ പ്രവേശിപ്പിച്ചു. ആര്യനാട്, മ്യൂസിയം സ്റ്റേഷനുകളിലായി നിരവധി പിടിച്ചുപറി, മാല മോഷണ കേസുകളിൽ പ്രതിയാണ് അരുണെന്ന് പൊലീസ് പറഞ്ഞു.

വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന വത്സലയുടെ വായ പൊത്തിപ്പിടിച്ച അരുൺ കത്തി ഉപയോഗിച്ച് കൈകളിൽ കുത്തിപ്പരിക്കേല്പിച്ചു. സമീപത്തെ മേശയിലടിച്ച് വത്സല ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് ഓടിയെത്തിയ ആര്യയെ കഴുത്തിലും വയറ്റിലും ഗുഹ്യഭാഗത്തും തുടയിലും കാലിലും തുരുതുരെ കുത്തി. തുടർന്ന് തലമുടിയിൽ ചുറ്റിപ്പിടിച്ച് ചുമരിൽ ഇടിച്ച് തല പൊട്ടിച്ചു. തടയാൻ ശ്രമിച്ച ശിവദാസനും പരിക്കേറ്റു.

രണ്ടു വർഷം മുമ്പ് കൊല്ലം സ്വദേശിയായ യുവാവുമായി വിവാഹം കഴിഞ്ഞ ആര്യ, കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഉഴപ്പക്കോണത്തെ വാടകവീട്ടിൽ രക്ഷിതാക്കളോടൊപ്പം താമസിക്കുകയാണ്. നെടുമങ്ങാട് കല്ലിംഗൽ ജംഗ്‌ഷനിലെ ബിവറേജസ് ഔട്ട് ലെറ്റിന് മുന്നിലാണ് ഇവരുടെ ലോട്ടറിക്കട. ആര്യയും അരുണും തമ്മിൽ സുഹൃത് ബന്ധം ഉള്ളതായി സൂചന ലഭിച്ചെന്നും ആക്രമണത്തിന്റെ കാരണങ്ങൾ അന്വേഷിച്ചുവരികയാണെന്നും വലിയമല പൊലീസ് പറഞ്ഞു. ആര്യയുടെ ആരോഗ്യനില വീണ്ടെടുത്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.

നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാറിന്റെ മേൽനോട്ടത്തിൽ വലിയമല എസ്.എച്ച്.ഒ സജിമോൻ, എസ്.ഐ ഷിഹാബുദീൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Advertisement
Advertisement