ഇ വെഹിക്കിൾ റീചാർജ്: കെ.എസ്.ഇ.ബി യൂണിറ്റിന് 15 രൂപ ഈടാക്കും

Tuesday 31 August 2021 12:59 AM IST

 കാറിന് വേണ്ടത് 30-50 യൂണിറ്റ്

 350 കിലോമീറ്റർ വരെ ഓടിക്കാം

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സൗജന്യ ചാർജ്ജിംഗ് സൗകര്യം കെ.എസ്.ഇ.ബി അവസാനിപ്പിക്കുന്നു. യൂണിറ്റിന് 15 രൂപ ഈടാക്കാൻ റഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ നിരക്ക് ഈടാക്കിത്തുടങ്ങും.

ഒരു കാർ ചാർജ്ജ് ചെയ്യാൻ 30-50 യൂണിറ്റ് വൈദ്യുതി വേണ്ടിവരും. അതായത് 450- 750 രൂപ ചെലവ്. എന്നാൽ 40 കിലോ വാട്ട് ശേഷിയുള്ള ബാറ്ററി ഫുൾ ചാർജ് ചെയ്ത് 320 മുതൽ 350 കിലോമീറ്റർ വരെ കാർ ഓടിക്കാനാവും.

കൂടുതൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ഇ.ബിയെന്ന് റിന്യൂവബിൾ എനർജി ആൻഡ് എനർജി സേവിംഗ് (റീസ്) ചീഫ് എൻജിനിയർ ശശാങ്കൻ നായർ പറഞ്ഞു. സർക്കാരിന്റെ ഇ വെഹിക്കിൾ നയപ്രകാരം വൈദ്യുതി ചാർജ്ജ് സ്റ്റേഷനുകൾക്കുള്ള നോഡൽ ഏജൻസിയായി കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആറ്‌ കോർപറേഷനുകളിലായി ആറ് ചാർജ്ജിംഗ് സ്റ്റേഷനുകളാണ് നിലവിൽ. 56 സ്റ്റേഷനുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. മൂന്ന് മാസങ്ങൾക്കുള്ളിൽ ഇതെല്ലാം പ്രവർത്തനസജ്ജമാകും. അതിവേഗചാർജ്ജിംഗ് സംവിധാനമാണ്. ഒരേസമയം മൂന്ന് വാഹനങ്ങൾക്ക് ഒരു സ്റ്റേഷനിൽ ചാർജ്ജ് ചെയ്യാം.

1324

കഴിഞ്ഞ വർഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ

3313

ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ

Advertisement
Advertisement