സ്വർണ നിക്ഷേപ തട്ടിപ്പ് ഗോൾഡ് പാലസിനെതിരെ കൂടുതൽ പരാതികൾ

Wednesday 01 September 2021 12:02 AM IST

പരാതിക്കാരിൽ 10,000 മുതൽ 20 ലക്ഷം വരെ നിക്ഷേപിച്ചവർ

പയ്യോളി : പയ്യോളി ഗോൾഡ് പാലസ് ജുവലറിയുടെ സ്വർണ നിക്ഷേപ തട്ടിപ്പിന് ഇരയായ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. തിങ്കളാഴ്ച വൈകീട്ടുവരെ 37 പരാതികളാണ് പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു കോടിയിലധികം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പരാതിക്കാരുടെ പട്ടികയും നഷ്ടവും ഇനിയും നീളാനാണ് സാധ്യത. 10,000 മുതൽ 20 ലക്ഷം വരെ നഷ്ടപ്പെട്ടവർ പരാതിക്കാരിലുണ്ട്. കൊയിലാണ്ടി ഉള്ളൂർ സ്വദേശി മകളുടെ വിവാഹാവശ്യത്തിന് എട്ടു ലക്ഷം രൂപയാണ് 30 പവന്റെ ആഭരണങ്ങൾക്ക് മുൻകൂറായി നൽകിയത്. തിക്കോടി സ്വദേശിനി പാദസരം നിർമിക്കാനായി പകരം മൂന്നര പവന്റെ ആഭരണങ്ങളും 10,000 രൂപയും നൽകി. ഒക്ടോബറിൽ നിശ്ചയിച്ച വിവാഹത്തിന് 2020 ഡിസംബറിൽ അഞ്ചു ലക്ഷവും 2021 ജനുവരിയിൽ മൂന്നു ലക്ഷവും നൽകിയ പരാതിയുണ്ട്. 20ന് ഓർഡർ നൽകിയതിലൂടെ 1,38, 638 രൂപയാണ് ഈ പരാതിക്കാരന് നഷ്ടമായത്. പയ്യോളി ആവിക്കൽ സ്വദേശിനി മുൻകൂറായി മാർച്ച് 31ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. കൂടാതെ പർച്ചേസ് സ്കീം വഴി 12, 100 രൂപയും ഇവർക്ക് നഷ്ടപ്പെട്ടതായി പരാതിയിലുണ്ട്. സംഭവത്തെ തുടർന്ന് പയ്യോളി ദേശീയപാതയ്ക്കു സമീപം പ്രവർത്തിക്കുന്ന ജുവലറി ശാഖ അടച്ചിട്ടിരിക്കുകയാണ്. പണിക്കൂലിയിൽ ഇളവ് തരാമെന്ന വാഗ്ദാനം നൽകിയാണ് മുൻകൂറായി ഇടപാടുകാരിൽ നിന്ന് പണം ഈടാക്കിയിരുന്നത്. സ്വർണം പർച്ചേഴ്സ് ചെയ്യാൻ കലക്ഷൻ ഏജന്റുമാർ മുഖേന നിത്യപിരിവ് മുതൽ ആകർഷകമായ സ്കീമുകൾ നൽകി പണം ശേഖരിക്കുന്ന പദ്ധതിയും ജുവലറിയുടെ കീഴിൽ നടന്നിരുന്നു. ജുവലറിയുടെ കുറ്റ്യാടി, നാദാപുരം ശാഖകളിലാണ് കൂടുതൽ പേർ തട്ടിപ്പിനിരയായിരിക്കുന്നത്.

Advertisement
Advertisement