തയ്യൽക്കാർക്ക് വേണ്ട ടെൻഷൻ , കൂടെയുണ്ട് 'ഓപാക്സ് ' ആപ്പ്

Wednesday 01 September 2021 12:02 AM IST

കോഴിക്കോട്: കുത്തക വസ്ത്ര നിർമ്മാതാക്കളോട് മത്സരിച്ച് തളർന്ന തയ്യൽ തൊഴിലാളികൾക്ക് വന്നിരിക്കുന്നു നല്ലകാലം. ഇനി വസ്ത്രങ്ങൾ തയ്പ്പിച്ച് ഓൺലൈനായി നിങ്ങൾക്കും വിൽക്കാം. ഇതിനായി കോഴിക്കോട്ടെ ഗവ. സൈബർ പാർക്കിലെ ലീഐ.ടി ടെക്‌നോ ഹബ് 'ഓപാക്സ് " എന്നപേരിൽ ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുകയാണ്. വസ്ത്രങ്ങളും മറ്റു അനുബന്ധ സാമഗ്രികളും ഇതിലൂടെ ഉപഭോക്താക്കളിലെത്തിക്കാം. റെഡിമെയ്ഡ് വസ്ത്രങ്ങൾക്കു പുറമെ അളവുകളും മെറ്റീരിയലുകളും തെരഞ്ഞെടുത്ത് ഇഷ്ടാനുസരണം വസ്ത്രങ്ങൾ തയ്പ്പിച്ചെടുക്കാൻ ഉപഭോക്താക്കൾക്കും കഴിയും. ഇതിനായി ടൈലർ ഒാപ്ഷനിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള തയ്യൽക്കാരനെ ആപ്പിലൂടെ കണ്ടെത്താം. ഫോൺ കാമറ ഉപയോഗിച്ച് വസ്ത്രത്തിന്റെ അളവെടുക്കാൻ ആപ്പിലൂടെ കഴിയും. അളവിൽ മാറ്റം വരുത്താനും സൗകര്യമുണ്ട്. ഓർഡർ ലഭിച്ചു കഴിഞ്ഞാൽ വസ്ത്രങ്ങൾ തയ്ച്ച് അയച്ചു കൊടുക്കും. തയ്യൽക്കാർ തുന്നുന്ന വസ്ത്രങ്ങൾ ഓപാക്സ് കൊറിയർ വഴിയാണ് ഉപഭോക്താക്കളിലെത്തിക്കുക. പ്രമുഖ കൊറിയർ കമ്പനിയുമായി ചേർന്ന് ഇന്ത്യയിലുടനീളം ഡെലിവറി സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ലിഐ.ടി ടെക്‌നോ ഹബ് സ്ഥാപകനും സി.ഇ.ഒയുമായ ഷഫീഖ് പാറക്കുളത്ത് പറഞ്ഞു.

കോഴിക്കോട് കേന്ദ്രീകരിച്ചാണ് ഓപാക്സിന്റെ പ്രവർത്തനം. അടുത്ത ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കും പിന്നീട് യൂറോപ്പിലേക്കും പ്രവർത്തനം വിപുലപ്പെടുത്തും. ഓപാക്സിൽ രജിസ്റ്റർ ചെയ്ത് ഓൺലൈൻ വ്യാപാരം നടത്തുന്നതിന് തയ്യൽക്കാർ ഫീസോ വാടകയോ നൽകേണ്ടതില്ല

കോഴിക്കോട് സൈബർപാർക്കിൽ നടന്ന ഓപാക്സ് സോഫ്റ്റ് ലോഞ്ചിംഗിൽ ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, കേരള ഐ.ടി പാർക്സ് സി.ഇ.ഒ ജോൺ എം തോമസ് എന്നിവർ വെർച്വലായും സൈബർ പാർക്ക് മുൻ ജനറൽ മാനേജർ നിരീഷ് സി, കസ്റ്റംസ് സൂപ്രണ്ട് സി.ജെ തോമസ്, കാലിക്കറ്റ് ഫോറം ഫോർ ഐ.ടി പ്രസിഡന്റ് പി.ടി ഹാരിസ്, സെക്രട്ടറി അബ്ദുൽ ഗഫൂർ എന്നിവർ നേരിട്ടും പങ്കെടുത്തു.

Advertisement
Advertisement