പൊതുമേഖലയെ മത്സര സജ്ജമാക്കുക ലക്ഷ്യം: മന്ത്രി പി. രാജീവ്

Wednesday 01 September 2021 12:09 AM IST
ട്രാക്കോ കേബിൾ കമ്പനിയുടെ തിരുവല്ല യൂണിറ്റിൽ സ്ഥാപിച്ച ആധുനിക സാങ്കേതിക വിദ്യയിലുള്ള മെഷിനറികളുടെ പ്രവർത്തനോദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കുന്നു

തിരുവല്ല: പൊതുമേഖലയെ മത്സര സജ്ജമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ തിരുവല്ല യൂണിറ്റിൽ സ്ഥാപിച്ച ആധുനിക സാങ്കേതിക വിദ്യയിലുള്ള യന്ത്രങ്ങളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുമേഖലയിൽ ഇന്നത്തെ സാഹചര്യത്തിനനുസരിച്ചുള്ള ആധുനികവത്കരണവും വൈവിദ്ധ്യവത്കരണവും സർക്കാർ നടത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം ഒറ്റത്തവണയായി നൽകുവാൻ ശ്രമിക്കും. പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പൊതുമേഖലയെ ശക്തിപ്പെടുത്തും. ജീവനക്കാരെയും തൊഴിലാളികളെയും സുതാര്യമായി തിരഞ്ഞെടുക്കുമെന്നും മന്ത്രി പറഞ്ഞു.മാത്യു ടി. തോമസ് എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, ട്രാക്കോ കേബിൾ കമ്പനി ചെയർമാൻ അഡ്വ.എ.ജെ. ജോസഫ്, മാനേജിംഗ് ഡയറക്ടർ പ്രസാദ് മാത്യു, വാർഡ് കൗൺസിലർ മറിയാമ്മ മത്തായി, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, യൂണിയൻ നേതാക്കളായ അഡ്വ.ആർ.സനൽകുമാർ, അഡ്വ.കെ.ശിവദാസൻ നായർ , അലക്സ് കണ്ണമല, എം.എം.ബഷീർകുട്ടി, ട്രാക്കോ കേബിൾ കമ്പനി യൂണിറ്റ് മേധാവി ബിജു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതികളുടെ ഭാഗമായി ട്രാക്കോ കേബിൾ കമ്പനിയുടെ തിരുവല്ല യൂണിറ്റിൽ എക്സ്എൽ.പി.ഇ കേബിളുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും വെതർ പ്രൂഫ് കേബിളുകളുടെ ഉത്പാദനത്തിനും സ്ഥാപിച്ച ആധുനിക സാങ്കേതിക വിദ്യയിലുള്ള മെഷിനറികളായ 19 ബോബിൻ സ്ട്രാഡർ, വയർ ഇൻസുലേഷൻ ലൈൻ, കേബിൾ ഷീത്തിംഗ് ലൈൻ, ഓട്ടോമാറ്റിക് കോയിലിംഗ് മെഷീൻ എന്നിവയുടെ പ്രവർത്തന ഉദ്ഘാടനമാണ് നടന്നത്.

Advertisement
Advertisement