സി.ടി.രവികുമാർ ഉൾപ്പെടെ ഒൻപത് സുപ്രീംകോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു

Wednesday 01 September 2021 1:35 AM IST

ന്യൂഡൽഹി: കേരള ഹൈക്കോടതി മുൻ ജഡ്ജിയും മലയാളിയുമായ സി.ടി. രവികുമാറും പരമോന്നത കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാൻ സാദ്ധ്യതയുള്ള ജസ്റ്റിസ് ബി.വി.നാഗരത്നയുമുൾപ്പെടെ 9 പേർ ഇന്നലെ സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.30ന് സുപ്രീംകോടതി സമുച്ചയത്തിലെ മൂന്നാം നിലയിലെ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.

കർണാടക, ഗുജറാത്ത്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായിരുന്ന അഭയ് ശ്രീനിവാസ് ഓഖ,വിക്രംനാഥ്,ജിതേന്ദ്രകുമാർ മഹേശ്വരി, മദ്രാസ്, തെലങ്കാന, ഗുജറാത്ത് ഹൈക്കോടതി ജഡ്ജിമാരായിരുന്ന എം.എം.സുന്ദരേശ്, ഹിമ കോഹ്‌ലി, ബേല ത്രിവേദി, മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ പി.എസ്.നരസിംഹ എന്നിവരാണ് ചുമതലയേറ്റ മറ്റുള്ളവർ. ബി.വി. നാഗരത്ന കർണാടക ഹൈക്കോടതി ജഡ്ജിയായിരുന്നു.

സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒൻപത് ജഡ്ജിമാർ ഒരുമിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നത്. മൂന്ന് വനിതകൾ ഒരുമിച്ചെത്തുന്നതും ആദ്യമാണ്. നിലവിലെ ജ‌ഡ്ജി ജസ്റ്റിസ് ഇന്ദിര ബാനർജിയുൾപ്പെടെ വനിതകൾ ഇതോടെ നാലായി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണിത്. ബി.വി.നാഗരത്ന 2027ൽ ചീഫ് ജസ്റ്റിസാകുമെന്നാണ് കരുതുന്നത്.

ചടങ്ങിൽ ജഡ്ജിമാരുടെ കുടുംബാംഗങ്ങളും സുപ്രീംകോടതിയിലെ നിലവിലെ ജഡ്ജിമാരും അടക്കം അഞ്ഞൂറോളം പേർ പങ്കെടുത്തു. ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയിലാണ് സാധാരണ നടക്കാറ്. എന്നാൽ, ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾ മാനിച്ച് ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു. ഒൻപത് ജഡ്ജിമാർ കൂടി എത്തിയതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആയി. 34 ജഡ്ജിമാരാണ് വേണ്ടത്.