കുഴപ്പക്കാരായ പൊലീസുകാർക്ക് കിട്ടുന്നത് 'വെറുതേനടപ്പും' നല്ല നമസ്കാരവും, മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പുല്ലുവില

Wednesday 01 September 2021 1:32 AM IST

തിരുവനന്തപുരം: ജനങ്ങളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ തൊപ്പി തെറിക്കുമെന്ന നിലയിലുള്ള മുഖ്യമന്ത്രിയുടെ മുന്നറിയിപ്പുകളൊന്നും പൊലീസ് സേന കേട്ടമട്ടില്ല. ഫോൺമോഷണം ആരോപിച്ച് മൂന്നാംക്ലാസുകാരിയെ നടുറോഡിൽ പരസ്യവിചാരണ നടത്തിയാലും 15ദിവസത്തെ നല്ലനടപ്പ് മാത്രമേ ശിക്ഷയുള്ളൂവെന്ന തെറ്റായ സന്ദേശമാണ് സേനയ്ക്ക് ഉന്നതരും നൽകുന്നത്. നല്ല നടപ്പെന്നാൽ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് എല്ലാവർക്കും അറിയാം. ശ്രീകാര്യത്ത് ബലിയിടാൻ പോയ യുവാവിൽനിന്ന് 2000രൂപ പെറ്റി വാങ്ങി 500ന്റെ രസീത് നൽകിയതിനും കൊട്ടാരക്കരയിൽ പരാതിക്കാരിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞതിനും സസ്പെൻഷനാണ് ശിക്ഷ!

സർക്കാർനയം നടപ്പാക്കിയില്ലെങ്കിൽ ശക്തമായ നടപടികളുണ്ടാവുമെന്നും ഒരുതരത്തിലുമുള്ള സംരക്ഷണവും ഉണ്ടാവില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതെങ്കിലും നല്ലനടപ്പ്, സ്ഥലംമാറ്റം എന്നിങ്ങനെ നിസാര ശിക്ഷയാണ് പൊലീസ് നേതൃത്വം നടപ്പാക്കുന്നത്. കഴക്കൂട്ടത്ത് വീടിനടുത്തുനിന്ന യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ സസ്പെൻഷനിലായ എസ്.ഐയെ ഒരാഴ്ചയ്ക്കകം തിരിച്ചെടുത്ത് ക്രമസമാധാനചുമതല നൽകുകയാണ് ചെയ്തത്. ചടയമംഗലത്ത് വാഹനപരിശോധനയ്ക്കിടെ എഴുപതുകാരനെ കരണത്തടിച്ച് ജീപ്പിലേക്കെറിഞ്ഞ എസ്.ഐക്കും കഠിനപരിശീലനമായിരുന്നു ശിക്ഷ. കൊട്ടാരക്കര സ്റ്റേഷനിൽ പരാതിക്കാർക്കുമുന്നിൽ തമ്മിലടിച്ച വനിതാ എസ്.ഐമാരെ സ്ഥലംമാറ്റി സംഭവം ഒതുക്കിതീ‌ർത്തു. ഒരു എസ്.ഐയുടെ കൈ അടിച്ചൊടിച്ചത് കേസാക്കിയതുമില്ല.

ഉദ്യോഗസ്ഥരുടെ ചെറിയ പിഴവിനും വിശദീകരണം തേടണമെന്നും ഡിവൈ.എസ്.പിമാരും ജില്ലാ പൊലീസ് മേധാവികളും സ്റ്റേഷനുകളിൽ മിന്നൽപ്പരിശോധന നടത്തണമെന്നുമുള്ള സർക്കാർ നിർദ്ദേശങ്ങളെല്ലാം അട്ടിമറിച്ചു.

പെരുമാറ്റദൂഷ്യമുള്ളവരെയും പരാതികൾ അവഗണിക്കുന്നവരെയും ജനങ്ങളോട് ധാർഷ്ട്യം കാട്ടുന്നവരെയും പിരിച്ചുവിടാൻ പൊലീസ് ആക്ടിൽ വകുപ്പുണ്ടെങ്കിലും പ്രയോഗിക്കാറേയില്ല. ഗുരുതരകേസിൽപെട്ടാൽ ആറുമാസത്തെ സസ്പെൻഷനുശേഷം കാക്കിയിട്ട് വിലസാം. മുൻപ് ക്രമസമാധാനചുമതല നൽകില്ലായിരുന്നു. ഇപ്പോൾ അങ്ങനെയുമില്ല. എസ്.ഐക്കെതിരായ വകുപ്പുതലഅന്വേഷണം തീരാൻ 15വർഷം കഴിയും. അപ്പോഴേക്കും മൂത്തുമൂത്ത് ഡിവൈ.എസ്.പിയാവും. വകുപ്പുതല അന്വേഷണവും നടപടിയുമെല്ലാം വഴിപാടാണ്. വിരമിക്കാറാവുമ്പോഴേക്കും ക്ലീൻറിപ്പോർട്ട് റെഡിയായിരിക്കും.

മുഖ്യമന്ത്രി പറഞ്ഞത്

ജനങ്ങളോട് മാന്യമായേ പെരുമാറാവൂ

ബലപ്രയോഗം പാടില്ല

പരുഷമായി തട്ടിക്കയറരുത്

പക്ഷപാതം വേണ്ട

സഹാനുഭൂതി കാട്ടണം

പരാതി തള്ളരുത്

സ്ത്രീസുരക്ഷയ്ക്ക് മുൻഗണന

പടിക്കണക്ക്

 മുണ്ടക്കയം സി.ഐ

അച്ഛനെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ മകനിൽ നിന്ന് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങവേ പിടിയിൽ

 ആറ്റിങ്ങൽ ഡിവൈ.എസ്.പി

റെയ്ഡ് നടത്തിയ റിസോർട്ടിനെതിരായ കേസൊതുക്കാൻ കൈക്കൂലിയാവശ്യപ്പെട്ടതിന് സസ്പെൻഷനിൽ

 കൊല്ലത്തെ എസ്.ഐ

സ്ത്രീധന പീഡനക്കേസിൽ പ്രതിക്ക് അനുകൂലമായി സാക്ഷിമൊഴി നൽകാൻ കാൽലക്ഷം വാങ്ങിയതിന് പിടിയിൽ

 മാന്നാർ എസ്.ഐ

മോഷണക്കേസിൽ പെട്ട പെട്ടി ഓട്ടോ ഉടമയ്ക്ക് തിരികെകിട്ടാൻ കോഴവാങ്ങിയതിന് പിടിയിൽ

Advertisement
Advertisement