അതീവ സുരക്ഷയിൽ കൊച്ചി തീരം, രേഖകളില്ലാതെ എത്തിയ ബോട്ട് പിടിച്ചെടുത്തു

Wednesday 01 September 2021 1:15 AM IST

കൊച്ചി: പാകിസ്ഥാനിലേക്ക് കടക്കാൻ 13 അംഗ ശ്രീലങ്കൻ സംഘം കേരളത്തിൽ എത്തിയിട്ടുണ്ടെന്ന ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) റിപ്പോർട്ട് നിലനിൽക്കെ ദൂരൂഹ സാഹചര്യത്തിൽ കൊച്ചി​ ഹാർബറി​ൽ എത്തിയ മത്സ്യബന്ധന ബോട്ട് കോസ്റ്റൽ പൊലീസ് പിടികൂടി.

പോണ്ടിച്ചേരി രജിസ്‌ട്രേഷനുള്ള ലേഡി മേഴ്സി എന്ന ബോട്ടിൽ രജിസ്‌ട്രേഷൻ രേഖകൾ, പെർമിറ്റ് എന്നിവ ഉണ്ടായിരുന്നില്ല.

ഇതി​ലുണ്ടായി​രുന്ന ഏഴ് മലയാളികളുടെയും ആറ് തമിഴ്‌നാട്ടുകാരുടെയും ഐ.ഡി കാർഡ് അടക്കം പരിശോധിച്ചതി​ൽ നിന്ന് ഇവർക്ക് ദുരൂഹ യാത്രയുമായി ബന്ധമില്ലെന്നാണ് സൂചന. ബോട്ട് മറൈൻ പൊലീസിന് കൈമാറി.

ശ്രീലങ്കൻ സംഘം കേരളത്തിലുണ്ടെന്ന് വിവരത്തെ തുടർന്ന് അതീവ ജാഗ്രതയിലാണ് തീരം. സംശയാസ്പദമായി​ ഒരു ബോട്ട് കൊച്ചി​യി​ലേക്ക് വരുന്നുണ്ടെന്ന് കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ ബി. സുനുകുമാറിനാണ് വി​വരം ലഭി​ച്ചത്. എസ്.ഐ ജോർജ് ലാലിന്റെ നേതൃത്വത്തിലായി​രുന്നു ഇന്നലെ വൈകി​ട്ട് പരി​ശോധന.

ആലപ്പുഴ, എറണാകുളം ജില്ലകളിലെ തീരദേശത്തു മത്സ്യത്തൊഴിലാളികളെന്ന വ്യാജേന തങ്ങിയ ശേഷം ബോട്ടും അത്യാവശ്യ സാധനങ്ങളും സംഘടിപ്പിച്ചു കടൽമാർഗം നീങ്ങാനും സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസും ഇന്റലിജൻസും ജാഗ്രത പുലർത്തുന്നത്.

Advertisement
Advertisement