മൂന്നാം തരംഗത്തിന് മുൻപ് എല്ലാവർക്കും ഒന്നാംഡോസ്

Wednesday 01 September 2021 12:49 AM IST

 മൂന്നാം തരംഗത്തെ നേരിടാൻ പരമാവധി ഒന്നാം ഡോസ് വാക്സിനേഷൻ

 രണ്ടാം ഡോസ് വാക്സിൻ ലഭിക്കാൻ ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ്

കൊല്ലം: കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പരമാവധി പേർക്ക് ഒന്നാം ഡോസ് വാക്സിൻ വിതരണം ചെയ്യാൻ ആരോഗ്യവകുപ്പ്. വയോധികർക്കും മറ്റ് രോഗങ്ങളുള്ളവർക്കും മുൻഗണന നൽകിയാണ് വാക്സിനേഷൻ നടത്തുന്നത്. 60 വയസിന് മുകളിലുള്ള 95 ശതമാനത്തിലധികം പേർക്കും ആദ്യഡോസ് വാക്സിൻ നൽകിയിട്ടുണ്ടെന്നാണ് കണക്ക്. ജില്ലയിൽ 16.5 ലക്ഷം പേർക്കാണ് ആദ്യഡോസ് ലഭിച്ചത്. ഏകദേശം 20 ലക്ഷം എത്തിയാൽ ജനസംഖ്യ അനുസരിച്ച് 18 വയസിന് മുകളിലുള്ള മിക്കവർക്കും വാക്സിൻ നൽകിയെന്ന് കണക്കാക്കാൻ കഴിയും. മൂന്നാംതരംഗത്തിന്റെ വരവിനുമുൻപ് 20 ലക്ഷം പേർക്ക് ആദ്യഡോസ് വാക്സിൻ എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും. ഒന്നാംഡോസ് സ്വീകരിച്ചതിന് ശേഷമുള്ള ഇടവേളയിൽ ഏറ്റവും കൂടുതൽ ദിവസം പൂർത്തിയാക്കിയവർക്കാണ് രണ്ടാം ഡോസ് നൽകുന്നതിൽ മുൻഗണന.

രണ്ടാം ഡോസിന് തടസമുണ്ടാകില്ല

രണ്ടാംഡോസ് വാക്സിൻ ലഭിക്കാൻ കാലതാമസമുണ്ടാകുന്നുവെന്ന് ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും പരാതി ഉയർന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്നും നിലവിൽ വാക്സിന് ക്ഷാമമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആദ്യ ഡോസ് വാക്സിനുശേഷം 84 മുതൽ 120 ദിവസത്തിനുള്ളിൽ രണ്ടാംഡോസ് സ്വീകരിച്ചാൽ മതി. ചിലയിടങ്ങളിൽ 90 മുതൽ 100 ദിവസം പിന്നിട്ടവർക്ക് രണ്ടാം ഡോസ് ലഭിച്ചിട്ടില്ല. 120 ദിവസം പൂർത്തിയാകുന്നതിന് മുൻപ് ഇവർക്കെല്ലാം രണ്ടാം ഡോസ് വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കരുനാഗപ്പള്ളി,​ കൊട്ടാരക്കര, അഞ്ചൽ, പരവൂർ മേഖലകളിലെ ചിലയിടങ്ങളിൽ രണ്ടാം ഡോസ് വാക്സിൻ ലഭിക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്.

വാക്സിൻ ഷെഡ്യൂൾ നിശ്ചയിക്കുന്നത്

01. ജില്ലാ ആസ്ഥാനത്ത് നടക്കുന്നത് കൺട്രോൾ റൂമിന് സമാനമായ പ്രവർത്തനം

02. മെഡിക്കൽ ഓഫീസർമാർ ആവശ്യപ്പെടുന്ന ഡോസ് വാക്സിനുകൾ അനുവദിക്കും

03. സ്പോട്ട്, ഓൺലൈൻ രജിസ്ട്രേഷൻ പ്രത്യേകമായി ഷെഡ്യൂൾ ചെയ്യപ്പെടും

04. കൃത്യമായ വിവരങ്ങൾ ഓൺലൈനിൽ അതത് സമയത്ത് രേഖപ്പെടുത്തും

05. രണ്ടാംഡോസ് സ്വീകരിക്കേണ്ടവരുടെ വിവരങ്ങൾ കണ്ടെത്താൻ പ്രത്യേകരീതി

ഒാരോ സെന്ററിലും ഷെഡ്യൂൾ ചെയ്യുന്ന വാക്സിനുകൾ

(ഒാരോ 500 ഡോസ്)

ഒന്നാം ഡോസ്: 350

രണ്ടാം ഡോസ്: 150

വാക്സിനേഷൻ ജില്ലയിൽ ഇതുവരെ

വിതരണം ചെയ്തത്: 22. 5 ലക്ഷം

ഒന്നാം ഡോസ് സ്വീകരിച്ചവർ: 16. 5 ലക്ഷം

രണ്ടാം ഡോസ് സ്വീകരിച്ചവർ: 6 ലക്ഷം

ഒന്നാം ഡോസ് സ്വീകരിക്കേണ്ടവർ (18 വയസിന് മുകളിൽ): 3.5 ലക്ഷം (അനൗദ്യോഗിക കണക്ക്)