ജീവിതശൈലീരോഗ നിയന്ത്രണം അനിവാര്യം: ഡോ. പി.എസ്. ഇന്ദു
കേരളം നേരിടുന്ന പ്രധാന പൊതുജനാരോഗ്യ പ്രശ്‌നം ജീവിതശൈലി രോഗങ്ങളാണ്. മുതിർന്നവരിൽ നാലിലൊന്ന് പേർക്ക് പ്രമേഹവും മൂന്നിലൊന്ന് പേർക്ക് രക്താതിസമ്മർദ്ദവുമുണ്ട്. ഇതിന്റെ പ്രത്യാഘാതമായി ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുമുണ്ടാകുന്നു. ഏറ്റവും പൊതുവായ അപായഘടകമാണ് അമിതവണ്ണം. പ്രായപൂർത്തിയായവരിൽ പകുതിയോളം പേർക്ക് അമിതവണ്ണമുണ്ട്. അതിനാൽ ഭക്ഷണത്തിലെ നിയന്ത്രണത്തിന് തന്നെയാണ് പ്രാധാന്യം കൊടുക്കേണ്ടത്. പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തി അടുക്കളയിൽ ഒരു വിപ്‌ളവമാണ് ഉണ്ടാവേണ്ടത്. വൃക്കരോഗത്തിനുളള ഡയാലിസിസ് അടക്കമുളള ചികിത്സ ചെറിയ ആശുപത്രികളിൽ അടക്കം വന്നു കഴിഞ്ഞു.
രോഗങ്ങൾ കൂടുന്നത് സാമൂഹിക, സാമ്പത്തിക രംഗത്തും പ്രശ്‌നമുണ്ടാക്കും. കുടുംബത്തിന്റെ സമ്പത്തിന്റെ വലിയൊരു ശതമാനം ആരോഗ്യപ്രശ്‌നങ്ങൾക്കായി നീക്കിവയ്ക്കേണ്ടി വരുന്നുണ്ട്. പ്രമേഹം നിയന്ത്രിക്കാനും പ്രതിരോധിക്കാനും കഴിയും. പക്ഷേ, നാൽപത് വയസിലല്ല പ്രതിരോധം വേണ്ടത്. മലയാളികൾ ഉപയോഗിക്കുന്ന ധാന്യത്തിന്റെ അളവ് വളരെ കൂടുതലാണ്. അത് നാലിലൊന്നാക്കണം. വ്യായാമവും വളരെ പ്രധാനമാണ്. കുട്ടികൾ നിർബന്ധമായും കളികളിൽ ഏർപ്പെടണം. അരമണിക്കൂറെങ്കിലും എല്ലാവരും വ്യായാമം ചെയ്തിരിക്കണം. കൊവിഡ് സങ്കീർണ്ണതകൾ കൂടുതൽ ബാധിച്ചത് പ്രമേഹം, വൃക്കരോഗം, രക്താതിസമ്മർദ്ദം എന്നിവയുളളവർക്കാണ്. രോഗപ്രതിരോധത്തിന് ഊന്നൽ നൽകണം. കുട്ടികളുടേയും മുതിർന്നവരുടേയും മാനസികാരോഗ്യവും പ്രധാനമാണ്.
ഡോ. പി.എസ്. ഇന്ദു
കമ്മ്യൂണിറ്റി മെഡിസിൻ മേധാവി
ഗവ. മെഡിക്കൽ കോളേജ് കൊല്ലം.