കരുതാം,​ മനസ്സു കലങ്ങാതെ

Wednesday 01 September 2021 1:52 AM IST

കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ മാനസികാരോഗ്യത്തെ കൊവിഡ് തളർത്തിയിട്ടുണ്ട്. ഓൺലൈൻ വിദ്യാഭ്യാസം സാർവത്രികമായതോടെ കുട്ടികളിൽ ശ്രദ്ധക്കുറവ്, അമിത വികൃതി, എടുത്തുചാട്ടം എന്നിവ ലക്ഷണങ്ങളായുള്ള അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ കൂടിവരികയാണ്. കൊച്ചുകുട്ടികളും കൗമാരപ്രായക്കാരും ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായത് പഠനത്തെയും പെരുമാറ്റത്തെയും ദോഷകരമായി ബാധിക്കുന്നു. മാതാപിതാക്കളുടെ കലഹങ്ങൾക്ക് സാക്ഷികളാകുന്ന കൊച്ചുകുട്ടികളിൽ അമിതദേഷ്യം കണ്ടുവരുന്നു.


സൂര്യപ്രകാശമേൽക്കാനുള്ള അവസരം കുറഞ്ഞത് കുട്ടികളിൽ പകൽസമയം ഉറക്കം തൂങ്ങൽ, അമിത ക്ഷീണം, ശരീരവേദന, ഓർമ്മക്കുറവ് എന്നിവയുണ്ടാക്കുന്നു. വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് രോഗപ്രതിരോധശക്തി കുറയാനും കാരണമാണ്.
കൗമാരപ്രായക്കാരിലും യുവാക്കളിലും വിഷാദരോഗവും ആത്മഹത്യാപ്രവണതയും വർദ്ധിക്കുന്നുണ്ട്. കോളേജിൽ പോകാനാവാത്തതും തൊഴിൽനഷ്ടവും സാമ്പത്തിക ബുദ്ധിമുട്ടുകളുമൊക്കെ മാനസിക സംഘർഷങ്ങൾക്ക് കാരണമായി.

ചെറുപ്പക്കാരുടെ ഓൺലൈൻ അടിമത്തം ഉറക്കത്തിന്റെ ക്രമം തെറ്റിക്കുന്നതിനൊപ്പം മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. കൊവിഡിനെക്കുറിച്ചുള്ള ഭീതി എല്ലാ പ്രായക്കാരെയും വേട്ടയാടുന്നുണ്ട്. നേരിയ തോതിലുള്ള ക്ഷീണം അനുഭവപ്പെട്ടാൽപ്പോലും കൊവിഡ് ബാധിച്ചുണ്ടാകുന്ന സങ്കീർണതയാണെന്നു തെറ്റിദ്ധരിച്ച് ആളുകൾ ഭയപ്പെടുന്നു. മദ്ധ്യവയസ്‌കരിലും വൃദ്ധരിലും അമിത ഉത്കണ്ഠയും ഉറക്കക്കുറവും പ്രധാനപ്രശ്നങ്ങളാണ്.

ബിസിനസുകാരും സംരംഭകരും സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരും മഹാമാരി സൃഷ്ടിച്ച അനിശ്ചിതാവസ്ഥ എങ്ങനെ തരണം ചെയ്യുമെന്നറിയാതെ ആശങ്കയിലാണ്. സായാഹ്നസവാരി മുടങ്ങിയതും സമപ്രായക്കാരുമായി ആശയവിനിമയത്തിന് അവസരങ്ങൾ നഷ്ടമായതും മുതിർന്നവരിൽ കടുത്ത സംഘർഷവും നിരാശയുമുണ്ടാക്കുന്നു. വീട്ടിൽ കുട്ടികളോടൊപ്പം ഇടപെടാനുള്ള അവസരങ്ങളടക്കം പരിമിതപ്പെടുന്നതും മുതിർന്നവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഓർമ്മക്കുറവ്, ഉറക്കമില്ലായ്മ, ശാരീരിക അസ്വസ്ഥതകൾ എന്നിവയുമുണ്ട് .


എന്താണ് പരിഹാരം?

1. രാത്രി എട്ടുമണിക്കൂറെങ്കിലും ഉറങ്ങുക. ഉറങ്ങാൻ പ്രയാസമുള്ളവർ നിദ്രാ ശുചിത്വ വ്യായാമങ്ങൾ ശീലമാക്കുക
2. വിനോദത്തിനായി മൊബൈൽ ഫോൺ അടക്കമുള്ള ദൃശ്യമാദ്ധ്യമങ്ങളുടെ ഉപയോഗം ദിവസം പരമാവധി രണ്ടുമണിക്കൂറായി
പരിമിതപ്പെടുത്തുക. രാത്രി 10 മണിക്ക് ശേഷം എല്ലാ ദൃശ്യമാദ്ധ്യമങ്ങളുടെയും ഉപയോഗവും ഒഴിവാക്കുക.
3. കുട്ടികളെ പാചകം, പൂന്തോട്ട നിർമ്മാണം, വീട് വൃത്തിയാക്കൽ
എന്നീ വീട്ടുജോലികളിൽ ഉൾപ്പെടുത്തുക. മാതാപിതാക്കൾ ദിവസേന ഒരുമണിക്കൂറെങ്കിലും കുട്ടികളോട് മനസ്സു തുറന്ന് സംസാരിക്കുക. കുട്ടികളുടെ മുന്നിൽ വച്ചുള്ള തർക്കങ്ങളും വഴക്കുകളും ഒഴിവാക്കുക

4. കുട്ടികളും മുതിർന്നവരും ദിവസേന ഒരു മണിക്കൂർ സൂര്യപ്രകാശമേറ്ര് വ്യായാമം ചെയ്യുക

5. സംഗീതം, ചിത്രരചന, വായന തുടങ്ങി ഇഷ്ടമുള്ള വിനോദപ്രവൃത്തികൾക്കായി ദിവസവും രണ്ടു മണിക്കൂർ ചെലവാക്കുക
6. ശ്വസന വ്യായാമങ്ങൾ, പ്രോഗ്രസീവ് മസിൽ റിലാക്‌സേഷൻ, ധ്യാനരീതികൾ എന്നിവ മാനസികസമ്മർദ്ദം ലഘൂകരിക്കും.
7. തീവ്ര മാനസികസമ്മർദ്ദം, കടുത്ത വിഷാദം, ഉറക്കമില്ലായ്മ, ആത്മഹത്യാപ്രവണത എന്നിവയിലേതെങ്കിലും അനുഭവപ്പെട്ടാൽ മാനസികാരോഗ്യ വിദഗ്ദ്ധനെ സമീപിക്കുക.

(ലേഖകൻ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ സൈക്യാട്രിസ്‌റ്റാണ് )

Advertisement
Advertisement