ജനസൗഹൃദമാകാൻ മെട്രോ

Thursday 02 September 2021 12:26 AM IST

മെട്രോയെ ടോപ്പ് ഗിയറിലാക്കും: ലോക് നാഥ് ബെഹ്റ

കൊച്ചി: കൊച്ചി മെട്രോ പ്രതിദിനം രണ്ടു ലക്ഷം യാത്രക്കാരെന്ന ലക്ഷ്യം കൈവരിക്കുമെന്നും കൂടുതൽ വൈവിദ്ധ്യപൂർണവും ജനസൗഹൃദവുമാക്കുമെന്നും മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹ്റ പറഞ്ഞു.

യാത്രക്കാരെ ആകർഷിക്കുന്നതിന് ടിക്കറ്റ് നിരക്ക് പുനപ്പരിശോധിക്കും. വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും ഇളവ് പരിഗണിക്കും. എം.ഡി.യായി ചുമതലയേറ്റശേഷം കലൂരിലെ മെട്രോ റെയിൽ ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെട്രോ ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരുമായി ആശയവിനിമയം നടത്തി പോരായ്മകൾ കണ്ടെത്തി പരിഹരിക്കും. പൊതുജനങ്ങളുമായി തുറന്ന് സംവദിക്കുന്നതിന് രണ്ടു ദിവസത്തിനകം കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജ് ആരംഭിക്കും.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ആകെയുള്ള ട്രെയിനുകളുടെ 40 ശതമാനം മാത്രമാണ് സർവീസ് നടത്തുന്നത്. ഇതുമൂലം വരുമാനത്തിലും കുറവുണ്ട്. മെട്രോ സ്റ്റേഷനുകളിലെ വാണിജ്യകേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നതു കാരണം അവിടെനിന്നും വരുമാനമില്ല. മെട്രോയുടെ ഉടമസ്ഥതയിലുള്ള വാണിജ്യകേന്ദ്രങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനും കടകൾ ആരംഭിക്കുന്നതിനും വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഏകജാലക സംവിധാനം നടപ്പാക്കും. എല്ലാ സ്റ്റേഷനിലും പരിസ്ഥിതി സൗഹൃദ വ്യാപാരകേന്ദ്രങ്ങൾ തുറക്കാനും യാത്രക്കാർക്ക് ആവശ്യമുള്ള ഭക്ഷണ പാനീയങ്ങൾ ലഭ്യമാക്കാനും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിദിനം 2 ലക്ഷം യാത്രക്കാർ

കൊവിഡ് മഹാമാരിക്ക് മുമ്പ് ദിവസം ശരാശരി 60,000 - 70,000 യാത്രക്കാരുണ്ടായിരുന്ന കൊച്ചി മെട്രോയിൽ ഇപ്പോൾ 12,000 - 20,000 വരെ മാത്രമാണ്. കേരളപ്പിറവിദിനമായ നവംബർ ഒന്നാകുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം രണ്ടു ലക്ഷത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. മുഴുവൻ ജീവനക്കാരും അതിനുവേണ്ടി എന്തുചെയ്യാനാകുമെന്ന് ചിന്തിക്കുകയും ആത്മാർത്ഥമായി പ്രവർത്തിക്കുകയും വേണം. ആകെയുള്ള 25 ൽ 12 ട്രെയിനുകൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇതും പൂർണതോതിൽ പുനരാരംഭിക്കും.

നവീകരണ ലക്ഷ്യം

●കലൂർ- കാക്കനാട് മെട്രോ റെയിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് അടുത്ത ആഴ്ച ന്യൂഡൽഹിയിൽ പോകും.

●പേട്ടയിൽ നിന്ന് തൃപ്പൂണിത്തുറ വരെ പാത ദീർഘിപ്പിക്കുന്ന ജോലികൾ ധൃതഗതിയിൽ നടന്നുവരികയാണ്. രാവും പകലും രണ്ടു ഷിഫ്റ്റുകളായാണ് ജോലി നടക്കുന്നത്. അതിവേഗം നിർമ്മാണം പൂ‌ർത്തിയാക്കി കമ്മിഷൻ ചെയ്യും.

●അധികം വൈകാതെ വാട്ടർ മെട്രോ കമ്മിഷൻ ചെയ്യും. ഒരു ബോട്ടിന്റെ നിർമ്മാണം പൂർത്തിയായി. 100 പേർക്ക് യാത്ര ചെയ്യാവുന്ന 23ഉം 50 പേർക്ക് യാത്രചെയ്യാവുന്ന 55 ബോട്ടുകളുമാണ് വാട്ടർ മെട്രോയിൽ നിർമ്മിക്കുന്നത്.

Advertisement
Advertisement