മലയോരത്തെ വിഴുങ്ങുന്നു കൊവിഡ്

Thursday 02 September 2021 12:02 AM IST

മുക്കം: മലയോര പ്രദേശങ്ങളിൽ കൊവിഡ് പിടിമുറുക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെ മറികടന്നാണ് മഹാമാരി മേഖലയിൽ താണ്ഡവമാടുന്നത്. പോസിറ്റീവാകുന്നവർ അനുദിനം കൂടി വരികയാണ്. മുക്കം നഗരസഭ ഓഫീസിലെ ജീവനക്കാരിൽ അധികംപേരും കൗൺസിലർമാരിൽ പലരും രോഗികളായതോടെ നഗരസഭ ഓഫീസിന്റെ പ്രവർത്തനം സ്തംഭിച്ചു. അവശ്യ സർവീസുകളായ ആരോഗ്യ വിഭാഗവും ഫ്രണ്ട് ഓഫീസും മാത്രമാണ് പ്രവർത്തിക്കുന്നത്. ബുധനാഴ്ച മുക്കത്ത് 90 പേർക്കുകൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗികൾ 547 ആയി. കഴിഞ്ഞ ഒരാഴ്ചയിലെ പ്രതിദിന ശരാശരി രോഗികൾ 59 ആണ്. കാരശേരിയിൽ ഇന്നലെ 41 പേർക്കാണ് കൊവിഡ് കണ്ടെത്തിയത്. ഇതോടെ ഇവിടെ 403 പേർ രോഗികളായി. കൊടിയത്തൂരിൽ 344 പേരും തിരുവമ്പാടിയിൽ 365 പേരും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. നിയന്ത്രണങ്ങളിൽ അയവു വരുത്തിയതും നിയന്ത്രണം ലംഘിക്കുന്നത് കൂടുന്നതുമാണ് സ്ഥിതി വഷളാകാൻ കാരണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ.