കൊവിഡ് വാക്സിനേഷൻ : ഒന്നാം ഡോസ് എടുത്തവർ 90%

Thursday 02 September 2021 12:41 AM IST

പത്തനംതിട്ട: ജില്ലയിൽ കൊവിഡ് പ്രതിരോധ വാക്സിനേഷന് വേഗത കൂടി. ഒന്നാംഡോസ് സ്വകരിച്ചവർ 90 ശതമാനം കടന്നു. രണ്ടാം ഡോസ് സ്വീകരിച്ചവർ ഇന്ന് 40 ശതമാനം ആകും.

വാക്‌സിനേഷനിൽ മുന്നിലെത്തിയ ജില്ലയെന്ന നിലയിൽ പത്തനംതിട്ടയിൽ ഇനി ആന്റിജൻ പരിശോധനയുണ്ടാവില്ല. ഇനി ആർ.ടി.പി.സി.ആർ പരിശോധനയാണ്.

ജനസംഖ്യാനുപാതികമായി നോക്കിയാൽ തിരുവനന്തപുരവും എറണാകുളവും തൃശൂരുമടക്കം 11 ജില്ലകളിൽ രണ്ടാംഡോസ് വാക്‌സിൻ ലഭിച്ചവരുടെ എണ്ണം പത്തനംതിട്ടയേക്കാൾ കൂടുതലാണ്. ഇന്നലെ ഉച്ചയ്ക്ക് 12വരെയുള്ള കണക്കിൽ 11,04,334 പേരാണ് ജില്ലയിൽ വാക്‌സനേഷൻ ടാർജറ്റിലുള്ളത്. ഇതിൽ 4,29,943 പേർക്ക് രണ്ടാംഡോസ് നൽകി. ഒന്നാംഡോസ് 9,95,882 പേർക്കാണ് നൽകിയത്. വാക്‌സിനേഷനുവേണ്ടി ജില്ലയിൽ സർക്കാർ സംവിധാനത്തിൽ 66 കേന്ദ്രങ്ങളും സ്വകാര്യസംവിധാനത്തിൽ 14 കേന്ദ്രങ്ങളുമുണ്ട്. ആരോഗ്യപ്രവർത്തകർക്കുള്ള രണ്ടാംഡോസ് വാക്‌സിനേഷനും ജില്ലയിൽ 80 ശതമാനമായി. മൊത്തം 29,322 ആരോഗ്യപ്രവർത്തകർക്കാണ് വാക്‌സിനേഷൻ നടത്തേണ്ടത്. ഇതിൽ 23,221 പേർ രണ്ടാംഡോസ് സ്വീകരിച്ചു. ആദ്യ ഡോസ് എല്ലാവർക്കും നൽകി. ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളിൽ 25,238 ആളുകളിൽ 82 ശതമാനത്തിനും രണ്ടാംഡോസ് വാക്‌സിനേഷൻ ലഭിച്ചു. ജില്ലയിലെ 45വയസുമുതൽ മുകളിലോട്ടുള്ളവരിൽ 98 ശതമാനം ആളുകൾക്ക് ഒന്നാംഡോസ് നൽകി. രണ്ടാംഡോസ് വാക്‌സിനേഷൻ ഈ വിഭാഗത്തിൽ 60 ശതമാനം ആളുകൾക്കാണ് ലഭിച്ചത്. ജില്ലയിൽ 45 വയസുമുതൽ 5,84,640ആളുകളാണ് ഉള്ളത്. ഇതിൽ 5,73,309പേർക്ക് ഒന്നാംഡോസും 3,53,098പേർക്ക് രണ്ടാംഡോസ് വാക്‌സിനും നൽകി. 18മുതൽ 44വയസവരെയുള്ള 5,19,694പേരിൽ 71 ശതമാനം ആളുകൾക്ക് ഒന്നാംഡോസും ആറുശതമാനത്തിന് രണ്ടാംഡോസ് വാക്‌സനേഷനും ലഭിച്ചു.

ഒന്നാംഡോസ് സ്വീകരിച്ചവർ : 9,95,882

രണ്ടാംഡോസ് സ്വീകരിച്ചവർ : 4,29,943

45 കഴിഞ്ഞവരിൽ 98 % ഒന്നാംഡോസും

60 % രണ്ടാം ഡോസും സ്വീകരിച്ചു

ജില്ലയിൽ ഇനി ആന്റിജൻ പരിശോധനയുണ്ടാവില്ല