യതിയുടെ സ്മരണകളിൽ വിദ്യാനികേതൻ ഗുരുകുലം

Thursday 02 September 2021 12:52 AM IST
വിദ്യാനികേതൻ ഗുരുകുലം

കോന്നി : ഗുരുനിത്യചൈതന്യ യതിയുടെ സ്‌മരണകൾ ഉണർത്തുന്നതാണ് വകയാർ തിണവിളപടിക്കു സമീപത്തുള്ള വിദ്യാനികേതൻ ഗുരുകുലം. 1924 നവംബർ 2ന് വകയറിൽ രാഘവപ്പണിക്കരുടെയും വാമാക്ഷിയമ്മയുടെയും മകനായി ജനിച്ച ജയചന്ദ്രൻ എന്ന കുട്ടിയാണ് പിൽക്കാലത്ത് ഗുരുനിത്യചൈതന്യ യതിയായി മാറിയത്. ശ്രീനാരായണഗുരുദേവന്റെ ശിഷ്യപരമ്പരയിലെ നടരാജഗുരുവിന്റെ ശിഷ്യനായിരുന്നു യതി. വകയാറിലെ കുടുംബവസ്തുവിൽ അമ്മ വാമാക്ഷിയമ്മയാണ് നാട്ടിലെത്തുമ്പോൾ കഴിയാനായി സന്യാസിയായ മകന് ഇവിടെ കെട്ടിടം പണിതു നൽകിയത്. പിന്നീട് ഈ കെട്ടിടവും സമീപത്തെ 75 സെന്റ് സ്ഥലവും വർക്കല നാരായണഗുരുകുലത്തിനു വാമാക്ഷിയമ്മ എഴുതികൊടുത്തു. ഇപ്പോൾ നാരായണ ഗുരുകുലത്തിന്റെ ശാഖയായി പ്രവർത്തിക്കുകയാണ്. നാരായണഗുരുകുലത്തിനിപ്പോൾ സംസ്ഥാനത്ത് ഇരുപതു സ്ഥലങ്ങളിൽ ശാഖകളുണ്ട്. കൂടാതെ കർണാടകത്തിലും തമിഴ്‌നാട്ടിലും യു.എസ്, ഫിജി തുടങ്ങിയ വിദേശരാജ്യങ്ങളിലും ശാഖകളുണ്ട്. ഫലവൃക്ഷങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന ശാന്തമായ അന്തരീക്ഷമാണ് വകയാർ ആശ്രമത്തിനുള്ളത്. യതി പ്രതിഷ്ഠ നിർവഹിച്ച ശാരദ പ്രതിഷ്ഠയും ഇവിടെയുണ്ട്. ഇത് ശിവഗിരിയിലെ ശാരദ പ്രതിഷ്ഠയോടു സാമ്യമുള്ളതാണ്. സമീപത്ത് യതിയുടെ അർദ്ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഗുരുവിന്റെ സഹോദരി ഡോ.സുമംഗലയോടൊപ്പം താമസിച്ചിരുന്ന വാമാക്ഷിയമ്മയെ 1994ൽ ഗുരു കൂട്ടികൊണ്ടു വന്നു ഇവിടെ താമസിപ്പിച്ചു. അമ്മയെ നോക്കാനായി വർക്കല ഗുരുകുലത്തിലെ സന്യാസിയായ സ്വാമി ത്യാഗീശ്വരനെ ചുമതലപ്പെടുത്തിയിരുന്നു. ഇദ്ദേഹമാണ് ആശ്രമത്തിന്റെ ഇപ്പോഴത്തെ അധിപതി. ഇവിടെയെത്തിയതിന് ശേഷം അമ്മയും ഗുരുവിനെ പോലെ കാഷായ വേഷധാരിയായി. ഗുരുവിന്റെ ഇംഗ്ലീഷിലെ 120 കൃതികളും മലയാളത്തിലെ 80 കൃതികളും ഉൾപ്പെട്ട വിപുലമായ ലൈബ്രറിയിവിടെയുണ്ട്. അരുവാപ്പുലം പഞ്ചായത്തിലെ ഒൻപതാം വാർഡിലുള്ള ജന്മഗൃഹത്തിൽ നിന്ന് അധികം ദൂരെയല്ലാതെയാണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്. സംസ്ഥാന സർക്കാർ 40 കോടിരൂപ ചെലവിട്ട് കോന്നിയിൽ സ്ഥാപിക്കുന്ന സ്മാരകത്തിനായി ഇവിടം പരിഗണിച്ചെങ്കിലും സ്ഥലപരിമിതിമൂലം ഒഴിവാക്കുകയായിരുന്നു. യു.എസ്, ആസ്ട്രിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസ്സർ ആയിരുന്ന ഗുരുവിനോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശിഷ്യന്മാർ ഇവിടെയെത്തുമായിരുന്നു.

Advertisement
Advertisement