മുഖ്യമന്ത്രിയോട് വിദഗ്ദ്ധർ, കേരളം തുറക്കാം ; ലോക്ക് ഡൗൺ, രാത്രി കർഫ്യൂ വേണ്ട, സ്കൂളുകൾ ഉൾപ്പെടെ തുറക്കണം

Wednesday 01 September 2021 11:08 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗവ്യാപനം കൂടി നിൽക്കുന്നതിൽ ആശങ്ക വേണ്ടെന്നും ഞായർ ലോക്ക്‌ഡൗണും രാത്രി കർഫ്യൂവും ഒഴിവാക്കി, സ്കൂളുകളുൾപ്പെടെ തുറന്ന് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരാമെന്നും

മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിൽ അന്താരാഷ്ട്ര വിദഗ്ദ്ധരുടെ നിർദ്ദേശം.

ഒന്നാം കൊവിഡ് വ്യാപനം ചെറുക്കുന്നതിൽ മുന്നിട്ടുനിന്ന കേരളത്തിന് രണ്ടാം വ്യാപനത്തിലും ഒരു വീഴ്ചയുമുണ്ടായിട്ടില്ല. നിലവിലെ രോഗവ്യാപനത്തോതിൽ കാര്യമില്ല. രോഗ തീവ്രതയും മരണനിരക്കും കുറയ്ക്കുന്നതിൽ കേരളം വിജയിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരും സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജ് മേധാവികളും പങ്കെടുത്ത മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന യോഗം കൊവിഡ് വ്യാപനത്തിന്റെയും പ്രതിരോധത്തിന്റെയും എല്ലാ മേഖലകളും പരിശോധിച്ചു. വിദേശത്തു നിന്നുള്ളവർ ഓൺലൈനായി പങ്കെടുത്തു. ഇതാദ്യമായാണ് രാജ്യത്ത് കൊവിഡിനെ കുറിച്ച് ഇത്ര സമഗ്രമായ യോഗം വിളിക്കുന്നത്.

നിലവിലെ രോഗവ്യാപനം പരമാവധി രണ്ടു മാസം തുടരും. പിന്നീട് വൈറസ് പനിയുടെ രീതിയിൽ ഏതാനും വർഷങ്ങൾ കൂടിയുണ്ടാകും.കൊവിഡിനൊപ്പം ജീവിതമെന്ന ശൈലി സ്വീകരിക്കേണ്ടിവരും.

പുതിയ വകഭേദങ്ങൾ കൊവിഡ് വാക്സിനെ അതിജീവിക്കുന്നതാണ് രോഗവ്യാപനം കൂടാനിടയാക്കുന്നത്. എന്നാൽ വാക്സിൻ രോഗതീവ്രതയും മരണനിരക്കും കുറയ്ക്കും. അഞ്ചു മുതൽ പതിനഞ്ചുവരെയുള്ള കുട്ടികളിൽ രോഗവ്യാപന സാദ്ധ്യത കുറവാണ്. പ്രായമായവരിലെ വാക്സിനേഷൻ പൂർത്തിയാകുന്നതോടെ കേരളം സുരക്ഷിതമാകുമെന്നും വിദഗ്ദ്ധർ നിരീക്ഷിച്ചു.

ബ്രിട്ടനിലെ ഡോ.ഭരത് പങ്കാനിയ, അമേരിക്കയിലെ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഡോ.ഡേവിഡ് പീറ്റേഴ്സ്, ഡോ.ദേവിശ്രീധർ, മെൽബണിലെ ഡോ.അജയ് മഹൽ,എ.ഡി.ബി വിദഗ്ദ്ധൻ ഡോ.സാങ്സുപ്റ,ലോകബാങ്കിലെ ഡോ.ഡേവിഡ് വിൽസൺ, ഡോ.ആർ.ആർ.ഗംഗാഖേദ്കർ,സി.എസ്.ഐ.ആറിലെ ഡോ.അനുരാഗ് അഗർവാൾ,ഡോ.ജേക്കബ് ജോൺ, മുരളി തുമ്മാരുകുടി തുടങ്ങിയവർ പങ്കെടുത്തു. ഡോ.ബി ഇക്ബാൽ ചർച്ച നിയന്ത്രിച്ചു.

അനുവദിക്കാം

 ഷിഫ്റ്റ് വ്യവസ്ഥയിൽ സ്കൂളുകൾ, പ്രത്യേകിച്ച് പ്രൈമറി തലം ഉടൻ

 വിവാഹത്തിന് സ്ഥല സൗകര്യത്തിന്റെ പകുതി ആളുകൾ

 ആരാധനാലയങ്ങൾ,മാളുകൾ,തിയേറ്ററുകൾ 50 % പേർ

 നിർമ്മാണ, ഉത്പാദന,മേഖലകൾ സജീവമാക്കണം

ശ്രദ്ധിക്കേണ്ടത്

 കൊവിഡ് മരണങ്ങളിൽ പൂർണമായ അവലോകനം

 വാക്സിനേഷൻ ഉടനടി പൂർത്തിയാക്കണം

 വീടുകളിൽ ചികിത്സയിലുള്ളവർക്ക് കൂടുതൽ ശ്രദ്ധ

കേരളത്തിന്റെ നേട്ടങ്ങൾ

 കൊവിഡ് വ്യാപനത്തിന്റെ ഒരുഘട്ടത്തിലും മരണനിരക്ക് കൂടിയില്ല

 വാക്സിനേഷൻ കൃത്യമായ രീതിയിൽ സുസജ്ജമാക്കി നടത്തുന്നു

 ചികിത്സാസൗകര്യം മറികടന്ന് കൊവിഡ് വ്യാപനമുണ്ടായില്ല

ഐ.സി.യു,വെന്റിലേറ്റർ ഉപയോഗം പകുതിയിൽ താഴെയാണ്

Advertisement
Advertisement